മുംബൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും വിദേശത്ത് ചിത്രീകരണത്തിന് ഒരുങ്ങുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് 'ബെൽ ബോട്ടം'. അക്ഷയ് കുമാർ, വാണി കപൂർ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് യുകെയിൽ ഓഗസ്റ്റ് മാസം മുതൽ ആരംഭിക്കും. 1980ന്‍റെ പശ്ചാത്തലത്തിൽ ചാരവൃത്തി പ്രമേയമാക്കി ഒരുക്കുന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് എം. തിവാരിയാണ്.
കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് ചിത്രീകരിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായി 'ബെൽ ബോട്ടം' - uk shooting
ബെൽ ബോട്ടത്തിന്‍റെ ചിത്രീകരണം അടുത്ത മാസം മുതൽ യുകെയിൽ ആരംഭിക്കും.
"ഏറ്റവും മികച്ചത് ചെയ്യാനായി തയ്യാറെടുക്കുകയാണ്! ജോലിയിലേക്ക് പ്രവേശിക്കാൻ സമയമായി! ബെൽബോട്ടം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും," എന്നാണ് ഹിന്ദി ചിത്രത്തിന്‍റെ നായകൻ ട്വിറ്ററിലൂടെ അറിയിച്ചത്. ഹുമ ഖുറേഷി, ലാറ ദത്ത എന്നീ താരങ്ങളും യുകെയിലെ സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. വാഷു ഭഗ്നാനി, ജാക്കി ഭഗ്‌നാനി, ദീപ്‌ശിഖാ ദേശ്‌മുഖ്, മോനിഷ അദ്വാനി, നിഖിൽ അദ്വാനി, മധു ഭോജ്വാനി എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. അസീം അറോറ, പര്‍വീസ് ഷെയ്ഖ് ചേർന്ന് തിരക്കഥ ഒരുക്കുന്ന ബെൽ ബോട്ടം അടുത്ത വർഷം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് ചിത്രീകരിക്കുന്ന ആദ്യ ഹിന്ദി ചിത്രം ബെൽ ബോട്ടമാണെങ്കിലും സഞ്ജയ് ഗുപ്തയുടെ മുംബൈ സാഗയാണ് ചിത്രീകരണത്തിന് തയ്യാറെടുക്കുന്ന ആദ്യ ബോളിവുഡ് ചലച്ചിത്രം. ഈ മാസം മുതൽ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ മുംബൈ സാഗയുടെ ചിത്രീകരണം ആരംഭിക്കും.