1964ൽ എ.വിൻസെന്‍റിന്‍റെ ആദ്യ ചിത്രം പുറത്തിറങ്ങിയത് ബേപ്പൂർ സുൽത്താന്‍റെ തൂലികയിൽ പിറന്ന കഥയിലൂടെയാണ്. മലയാളത്തിലെ ആദ്യത്തെ പ്രേതകഥ ഭാർഗവീനിലയം നീലവെളിച്ചമെന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചത്. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചതും ബഷീർ തന്നെയാണ്. ഇപ്പോഴിതാ, ബഷീറിന്‍റെ നീലവെളിച്ചം വീണ്ടും മലയാള സിനിമയിലെത്തുകയാണ്. യുവസംവിധായകന്മാരിൽ പ്രശസ്‌തനായ ആഷിഖ് അബുവാണ് നീലവെളിച്ചം എന്ന പേരിൽ പുതിയ ചിത്രം ഒരുക്കുന്നത്. മലയാളത്തിന്‍റെ പ്രമുഖ യുവതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്‍റെ നൂറ്റിപ്പതിമൂന്നാം ജന്മദിന വാർഷികത്തിലാണ് സംവിധായകൻ സിനിമ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബന്‍, റിമ കലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
"സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്‍റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്‍റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്‍റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും," എന്ന് ആഷിക് അബു ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
അഞ്ചാം പാതിരയുടെ ഛായാഗ്രഹകൻ ഷൈജു ഖാലിദ് ആണ് നീലവെളിച്ചത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത്. ബിജിബാല്‍, റെക്സ് വിജയന്‍ എന്നിവർ ചേർന്ന് സംഗീതമൊരുക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റർ. 57 വർഷങ്ങൾക്ക് മുൻപുള്ള വിന്‍സെന്‍റിന്‍റെ ചിത്രത്തിൽ പ്രേം നസീർ, മധു, വിജയനിർമല എന്നിവരായിരുന്നു അഭിനേതാക്കൾ.