മുംബൈ: ഇന്ന് രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ദേശസ്‌നേഹത്തിന്‍റെ സന്ദേശം നൽകി ബോളിവുഡും. പതാക നിറത്തിലുള്ള വേഷത്തിൽ സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബിഗ് ബി റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചു.
"എന്‍റെ പ്രിയപ്പെട്ട ഭാരതീയരേ. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ. കോടിക്കണക്കിന് ഇന്ത്യക്കാർ ഒരുമിച്ച് ചേർന്നാണ് ഈ മഹത്തായ രാജ്യം സൃഷ്‌ടിച്ചത്. അത് നശിപ്പിക്കാൻ അനുവദിക്കരുത്. ഭാരത് മാതാ ജയ്, ജയ് ഹിന്ദ്," ഇന്ത്യക്കാർ എങ്ങനെ കോളനി ഭരണത്തിനെതിരെ പോരാടിയെന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോക്കൊപ്പം ബോളിവുഡ് നടൻ അനുപം ഖേർ ട്വീറ്റ് ചെയ്‌തു.
അഭിനേത്രിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഹേമ മാലിനിയും ആശംസകളുമായി സമൂഹമാധ്യമങ്ങളിലെത്തി. "റിപ്പബ്ലിക് ദിനാശംസകൾ! നമ്മുടെ മഹത്തായ രാഷ്ട്രത്തിന്‍റെ ഐക്യവും സമഗ്രതയുമാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്നത്. എല്ലാത്തിനുമുപരി സമാധാനത്തിനും ദേശസ്‌നേഹത്തിനും വേണ്ടി പ്രാർഥിക്കണം. ജയ് ഹിന്ദ്," അവർ ട്വിറ്ററിൽ കുറിച്ചു.
തന്‍റെ വാഗാ യാത്രക്കിടയിൽ ഒരു കൂട്ടം സൈനികരോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബോളിവുഡ് നടി രവീന ടണ്ടനും റിപ്പബ്ലിക് ദിനത്തിൽ ആശംസകളുമായെത്തി. "എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ. ഇന്ത്യയുടെ സ്വത്വം നിങ്ങളുടെ ആത്മാവിലും എപ്പോഴും പ്രകാശിക്കട്ടെ... ജയ് ഹിന്ദ്. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്‌തവർക്കും അതിന്‍റെ സംരക്ഷണത്തിനായി പ്രതിജ്ഞ എടുത്തവർക്കും എപ്പോഴും നന്ദി," താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബോളിവുഡിന്‍റെയും തെന്നിന്ത്യയുടെയും പ്രിയങ്കരിയായ തപ്‌സി പന്നുവും റിപ്പബ്ലിക് ദിനാശംസകളുമായി ട്വീറ്റ് ചെയ്‌തു.