കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരിക്കുകയാണ് ഓസ്‌കര്‍ ജേതാവും സംഗീതജ്ഞനുമായ എ.ആര്‍ റഹ്മാന്‍. അമ്പത്തിനാലുകാരനായ താരം മകന്‍ എ.ആര്‍ അമീനൊപ്പം എത്തിയാണ് കുത്തിവയ്പ്പ് എടുത്തത്. കൊവിഷീല്‍ഡ് വാക്‌സിന്‍റെ ആദ്യ ഡോസ് വാക്‌സിനാണ് ഇരുവരും ചെന്നൈയില്‍വച്ച് എടുത്തത്.
എ.ആര്‍ റഹ്മാന്‍ തന്നെയാണ് ഇരുവരുടെയും ചിത്രത്തോടൊപ്പം വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളിയായ വിവരം അറിയിച്ചത്. താന്‍ വാക്‌സിന്‍ സ്വീകരിച്ചെന്ന് കുറിച്ച താരം നിങ്ങള്‍ എടുത്തോയെന്ന് ആരാധകരോട് ചോദിച്ചു. വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയ റഹ്മാനും മകനും ധരിച്ച മാസ്‌കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്‌ഇപിഎ ഫില്‍ട്ടര്‍ മാസ്‌കാണ് ഇരുവരും ധരിച്ചിരുന്നത്.
ഓട്ടോ സാനിറ്റൈസിങ്, യുവി സ്റ്റെറിലൈസിങ് എന്നിവയാണ് മാസ്‌ക്കിന്റെ പ്രധാന പ്രത്യേകത. ഉപയോഗിക്കുമ്പോള്‍ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കപ്പെടും. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്‌താല്‍ പരമാവധി എട്ട് മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം.
Also read:മലയാളം സംസാരിക്കരുതെന്ന ആശുപത്രി സര്‍ക്കുലര്‍; അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നടി ശ്വേത മേനോന്‍
249 ഡോളര്‍ അതായത് ഏകദേശം 18148 രൂപയാണ് മാസ്‌കിന്‍റെ വില. അമിതാഭ് ബച്ചന്‍, ശത്രുഘ്നന്‍ സിന്‍ഹ, സല്‍മാന്‍ഖാന്‍, സഞ്ജയ് ദത്ത്, ഹേമ മാലിനി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, നാഗാര്‍ജുന തുടങ്ങിയ ഇന്ത്യന്‍ താരങ്ങളാണ് നേരത്തെ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 99 സോങ്‌സാണ് റഹ്മാന്‍റേതായി ഈ വര്‍ഷം പുറത്തുവന്ന ചിത്രം. താരം നിര്‍മാതാവായി അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു ഇത്. ഗാനരചന നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു.