രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് ഇതുവരെ സമാഹരിച്ചത് 11 കോടി രൂപ. 'ഇന്‍ ദിസ് ടുഗതെര്‍' എന്ന പേരില്‍ നടത്തിയ ക്യാമ്പയിന്‍ വഴിയാണ് താരങ്ങള്‍ ഇത്രയും തുക സമാഹരിച്ചത്. ഏഷ്യയിലെ ക്രൗഡ് ഫണ്ടിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'കേറ്റോ' മുഖാന്തരമാണ് 'ഇന്‍ ദിസ് ടുഗതെര്‍' ക്യാമ്പയിന്‍ വഴി അനുഷ്‌കയും കോലിയും പണം സമാഹരിച്ചത്.
മെയ് ഏഴിനാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇരുവരും ചേര്‍ന്ന് ഇതിലേക്ക് ആദ്യം രണ്ട് കോടി രൂപ സംഭാവനയും നല്‍കി. ഏഴ് കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയില്‍ നിന്ന് ഇതുവരെ 11 കോടി രൂപയാണ് ലഭിച്ചത്. ലഭിച്ച തുക കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജനും മരുന്നുകളും ലഭ്യമാക്കാനാണ് വിനിയോഗിക്കുക. പദ്ധതിയിലേക്ക് സഹായം നല്‍കിയവര്‍ക്ക് താരങ്ങള്‍ നന്ദിയും അറിയിച്ചു. 11 കോടിയോളം രൂപ ലഭിച്ച വിവരം വിരാട് കോലിയാണ് സോഷ്യല്‍മീഡിയ വഴി അറിയിച്ചത്.