മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ബിഗ് ബി നിലവിൽ ആശുപത്രിയിലെ ഐസൊലേഷന്‍ യൂണിറ്റിലാണുള്ളത്.
താരത്തിന് നേരിയ രോഗലക്ഷണങ്ങൾ ഉള്ളതായും ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാൽ, അമിതാഭ് ബച്ചന്‍റെ ഭാര്യയും നടിയുമായ ജയാബച്ചനും മരുമകള്‍ ഐശ്വര്യാറായിക്കും കൊച്ചുമകള്‍ ആരാധ്യയ്‌ക്കും കൊവിഡ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ സ്വാബ് ടെസ്റ്റ് ഫലം ഇനിയും വരാനുണ്ട്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ റാപിഡ് ആന്‍റിജെൻ പരിശോധനയിലാണ് ഇരുവർക്കും വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ബോളിവുഡിലെ മുതിർന്ന നടൻ അമിതാഭ് ബച്ചന് 77 വയസാണ്. അഭിഷേക് ബച്ചന് 44 വയസും.
ബോളിവുഡിലെ പ്രമുഖ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തു വന്നതിന് പിന്നാലെ അമിതാഭ് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും ആരാധകരും. കേന്ദ്ര ആരോഗ്യമന്ത്രി, ബംഗാൾ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങളായ ഷബാന ആസ്‌മി, താപ്‌സി പന്നു, മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, മലയാളി താരങ്ങളായ മമ്മൂട്ടി, റസൂൽ പൂക്കുട്ടി തുടങ്ങി നിരവധി പ്രമുഖർ വാർത്തയോട് പ്രതികരിച്ചു. പ്രിയതാരങ്ങൾക്ക് എത്രയും പെട്ടെന്ന് രോഗം ഭേദമാകട്ടെ എന്ന് ട്വിറ്ററിലൂടെ അവർ വ്യക്തമാക്കി.
രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന അമിതാഭ് ബച്ചൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അതിനായി എല്ലാവിധ സൗകര്യങ്ങളും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു.