വേനൽ അവധിക്കാലത്ത് റിലീസ് പ്രതീക്ഷ മിക്ക ചിത്രങ്ങളും പ്രേക്ഷകന് നഷ്‌ടമായി. കൊവിഡിനെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി സിനിമാ പ്രദർശന ശാലകൾ കൂടി അടച്ചുപൂട്ടിയതോടെ റിലീസ് ചെയ്‌തവ ഉൾപ്പടെ എല്ലാ ചിത്രങ്ങളുടെയും പ്രദർശനവും നിർത്തിവക്കേണ്ടതായി വന്നു. എന്നാൽ, ലോക്ക് ഡൗണിനിടയിലും വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് ബോളിവുഡ് മുന്നോട്ട് വക്കുന്നത്. നവാസുദ്ദീന്‍ സിദ്ധിഖിയുടെ 'ഗൂമ്കേതു'വിന്‍റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഷൂജിത് സിര്‍കാരിന്‍റെ ഏറ്റവും പുതിയ ചിത്രവും ആമസോൺ പ്രൈം വഴി പ്രദർശിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. അമിതാഭ് ബച്ചൻ, ആയുഷ്‌മാൻ ഖുറാന എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ഗുലാബോ സിതാബോ'യാണ് ഒ ടി ടി റിലീസിനൊരുങ്ങുന്നത്. ഏപ്രിൽ 17ന് തിയേറ്ററിലെത്തേണ്ടിയിരുന്ന ചിത്രം അടുത്ത മാസം 12ന് ഒ ടി ടി റിലീസ് വഴി ആഗോളതലത്തിൽ പ്രദർശിപ്പിക്കും.
അമിതാഭ് ബച്ചൻ- ആയുഷ്‌മാൻ ഖുറാന ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തും - bollywood lock down cinema
ഷൂജിത് സിര്‍കാർ സംവിധാനം ചെയ്‌ത 'ഗുലാബോ സിതാബോ'യാണ് അടുത്ത മാസം 12ന് ഒടിടി റിലീസിനൊരുങ്ങുന്നത്

ഗുലാബോ സിതാബോ
പികു കോമ്പോ അമിതാഭ് ബച്ചൻ- ഷൂജിത് സിർകാർ ഗുലാബോ സിതാബോയിലൂടെ ആവർത്തിക്കുമ്പോൾ, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ യുവതാരം ആയുഷ്‌മാൻ ഖുറാനയും കേന്ദ്രകഥാപാത്രമായി എത്തുന്നു. വിക്കി ഡോണർ, പികു ചിത്രങ്ങളെഴുതിയ ജൂഹി ചതുര്‍വേദി തന്നെയാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥാകൃത്ത്. പിങ്ക് സിനിമയുടെ നിർമാതാവ് റോണി ലാഹിരി, ഷീൽ കുമാർ എന്നിവരാണ് ഗുലോബോ സിതാബോ നിർമിക്കുന്നത്.