2019 ഡിസംബർ എട്ടിന് ആരംഭിച്ച യാത്ര, രണ്ട് വർഷങ്ങൾക്ക് ശേഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്ത്യാവാഡിയുടെ ചിത്രീകരണം പൂർത്തിയായി.
ഒപ്പം, ഷൂട്ടിനെടുത്ത രണ്ട് വർഷത്തെ കാലയളവിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളും സംവിധായകനില്‍ നിന്ന് ലഭിച്ച പിന്തുണയും ആലിയ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിക്കുന്നു.
സിനിമയുടെ ചിത്രീകരണവേളയില്‍ ഉണ്ടായ സംഭവങ്ങള്‍ മറ്റൊരു സിനിമ പോലെയാണെന്ന് ആലിയ കുറിപ്പിൽ പറഞ്ഞു. രണ്ട് തവണ ലോക്ക് ഡൗണിലൂടെയും കൊടുങ്കാറ്റിലൂടെയും കടന്നുപോയി. കൂടാതെ, സംവിധായകനും തനിക്കും കൊവിഡ് ബാധിച്ചു. അതിനാൽ തന്നെ ജീവിതം മാറ്റിമറിച്ച വലിയ അനുഭവമാണ് ഷൂട്ടിങ്ങിനിടെ ലഭിച്ചതെന്നും താരം പറഞ്ഞു.
ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്
'2019 ഡിസംബര്‍ എട്ടിന് ഗംഗുഭായ് കത്ത്യാവാഡിയുടെ ഷൂട്ടിങ് തുടങ്ങി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോൾ സിനിമയുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. സിനിമയും സെറ്റും, രണ്ട് ലോക്ക് ഡൗണിനെയും രണ്ട് കൊടുങ്കാറ്റുകളെയും നേരിട്ടു.
ചിത്രീകരണത്തിനിടെ സംവിധായകനും തനിക്കും കൊവിഡ് ബാധിച്ചു. എല്ലാം കൂടി നോക്കുമ്പോൾ ഇത് മറ്റൊരു സിനിമ പോലെയായിരുന്നു. പക്ഷേ എന്നിട്ടും ജീവിതം മാറ്റിമറിച്ച വലിയ അനുഭവമാണ് എനിക്കുണ്ടായത്,’ ആലിയ കുറിച്ചു.
സഞ്ജയ് ലീല ബൻസാലിക്കൊപ്പമുള്ള അനുഭവവും നടി പങ്കുവച്ചു. 'സാറിനൊപ്പം പ്രവർത്തിക്കുക എന്നത് എന്‍റെ ജീവിതത്തിലുടനീളം ഒരു സ്വപ്നമായിരുന്നു. ഞാൻ ഇന്ന് ഈ സെറ്റിൽ നിന്ന് മടങ്ങുകയാണ്.'
More Read: ഗംഗുബായ് കത്തിയാവാഡി; നിർമാതാക്കൾക്കും അണിയറപ്രവർത്തകർക്കും കോടതി സമൻസ് അയച്ചു
ഓരോ സിനിമ പൂര്‍ത്തിയാകുമ്പോഴും നമ്മുടെ ഒരു ഭാഗവും അതിനൊപ്പം അവസാനിക്കുമെന്നും ഗംഗുഭായിക്കൊപ്പം തന്‍റെ ഒരു ഭാഗം നഷ്‌ടപ്പെട്ടെന്നും ബോളിവുഡ് താരം കുറിച്ചു. സഞ്ജയ് ലീല ബൻസാലിയോടുള്ള അളവില്ലാത്ത സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനൊപ്പം ഒരു കുടുംബം പോലെ പ്രവർത്തിച്ച ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കും ആലിയ നന്ദി അറിയിച്ചു.
ഹുസൈൻ സൈദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ഗംഗുബായ് കത്ത്യാവാഡി. ചുവന്ന തെരുവെന്ന് അറിയപ്പെടുന്ന കാമാത്തിപുരയാണ് സിനിമയുടെ പശ്ചാത്തലം.