ആനപിണ്ടവും അതിസാഹസീകതയും, ഇൻടു ദ വൈൽഡിന്‍റെ ടീസര്‍ പങ്കുവെച്ച് അക്ഷയ് കുമാര്‍
സെപ്തംബർ 11ന് ഡിസ്ക്കവറി പ്ലസിലും സെപ്തംബർ 14ന് ഡിസ്ക്കവറി ചാനലിലും അക്ഷയ് കുമാര്‍ പങ്കെടുത്ത ‘ഇൻടു ദ വൈൽഡി'ന്‍റെ എപ്പിസോഡ് സംപ്രേഷണം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നല്‍ രജനീകാന്തിനും ശേഷം ബെയർ ഗ്രിൽസിന്‍റെ ‘ഇൻടു ദ വൈൽഡി’ൽ അതിഥിയായി എത്തിയത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറായിരുന്നു. സെപ്തംബർ 11ന് ഡിസ്കവറി പ്ലസിലും സെപ്തംബർ 14ന് ഡിസ്കവറി ചാനലിലും സംപ്രേഷണം ചെയ്യാന്‍ പോകുന്ന പരിപാടിയുടെ ടീസര്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ അക്ഷയ് കുമാര്‍. ഏറെ സാഹസികതകള്‍ താരം നടത്തിയിട്ടുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അക്ഷയ് കുമാറിന്‍റെ ആക്ഷൻ സിനിമകളെകുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ‘ഇതിഹാസം’ എന്ന് ബെയർ വിശേഷിപ്പിക്കുന്നത് ടീസറില്‍ കേള്‍ക്കാം. ഇതിന് മറുപടിയായി താൻ ‘റീൽ ഇതിഹാസം മാത്രമാണെന്നും ബെയറാണ് യഥാർഥ ഇതിഹാസ’മാണെന്നും അക്ഷയ് മറുപടി പറയുന്നതും ടീസറിൽ കേൾക്കാം. ബെയര്‍ നല്‍കിയ ആനപിണ്ട ചായ അക്ഷയ് കുമാര്‍ കുടിക്കുന്ന രംഗങ്ങളും ടീസറില്‍ ഉണ്ട്. പല സാഹസികതകളും പ്രതീക്ഷിച്ച് തന്നെയാണ് ‘ഇൻടു ദ വൈൽഡി'ല്‍ പങ്കെടുക്കാന്‍ പോയതെന്നും എന്നാല്‍ ബെയറിന്‍റെ ആനപിണ്ട ചായ തന്നെ ഞെട്ടിച്ചുവെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ ടീസര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചത്.