ന്യൂഡൽഹി: താനൊരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ യാതൊരു രേഖയും ആവശ്യമില്ലെന്ന് പറഞ്ഞ ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ പുതിയ തീരുമാനത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങൾ. തന്‍റെ കനേഡിയൻ പാസ്‌പോർട്ട് മാറ്റി ഇന്ത്യൻ പാസ്‌പോട്ടെടുക്കാൻ തീരുമാനിച്ചെന്ന് അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് രസകരമായ ട്വീറ്റുകളോടെ നവമാധ്യമങ്ങൾ പ്രതികരിച്ചത്.
ഇന്ത്യൻ പാസ്‌പോർട്ടിലേക്ക് മാറാനൊരുങ്ങി അക്ഷയ് കുമാർ; പരിഹസിച്ച് നവമാധ്യമങ്ങൾ - അക്ഷയ് കുമാറിന്‍റെ ഇന്ത്യൻ പൗരത്വം
കനേഡിയൻ പാസ്‌പോർട്ട് മാറ്റി ഇന്ത്യൻ പാസ്‌പോട്ടെടുക്കാൻ താരം തീരുമാനിച്ചതിന് പിന്നാലെ അക്ഷയ് കുമാറിന്‍റെ ദേശസ്‌നേഹത്തെ പരിഹസിച്ചുള്ള ട്വീറ്റുകളാണ് നിറയുന്നത്
പുതിയ പാസ്‌പോർട്ടിനുള്ള തീരുമാനത്തിനൊപ്പം അക്ഷയ് താനെന്തുകൊണ്ടാണ് കനേഡിയൻ പാസ്‌പോർട്ടെടുക്കാൻ കാരണമെന്നും വ്യക്തമാക്കി. "പുറത്തിറങ്ങിയ 14 സിനിമകളും പരാജയപ്പെട്ട ഒരു സമയമുണ്ടായിരുന്നു. അന്ന് എന്‍റെ സിനിമാജീവിതം അവസാനിച്ചുവെന്ന് തന്നെയാണ് കരുതിയിരുന്നതും. ആ സമയത്ത്, കാനഡയിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരനായ സുഹൃത്ത് അവിടേക്ക് തന്നെ ക്ഷണിക്കുകയും ഒരുമിച്ച് പ്രവൃത്തിക്കാമെന്ന് അറിയിക്കുകയും ചെയ്‌തു." അങ്ങനെയാണ് കനേഡിയൻ പാസ്‌പോർട്ടെടുത്തതെന്ന് താരം പറഞ്ഞു. ഇനി ഇന്ത്യയിൽ ജോലി ചെയ്യാനാകില്ലെന്ന് അന്ന് തോന്നിയെങ്കിലും അടുത്ത സിനിമ മുതൽ തിരിഞ്ഞു നോക്കാതെയുള്ള മുന്നേറ്റമാണുണ്ടായത്.
എന്നാൽ, തനിക്ക് കനേഡിയൻ പാസ്‌പോർട്ടുണ്ടെന്നുള്ളത് മറച്ചുവക്കാനാഗ്രഹിക്കുന്നില്ലെന്നും അതിൽ എന്തിനാണ് എല്ലാവരും ആവശ്യമില്ലാത്ത താൽപര്യവും പരാമർശവും നടത്തുന്നതെന്നും കഴിഞ്ഞ മെയ് മാസം അക്ഷയ് കുമാർ പറഞ്ഞിരുന്നു. വിജയം കണ്ടില്ലെങ്കിൽ കാനഡയിലേക്ക് പൊക്കോളൂവെന്ന സത്യമാണ് താരത്തിന്‍റെ കനേഡിയൻ പൗരത്വത്തിന് പിന്നിലുള്ള കാരണത്തിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. കനേഡിയൻ പൗരത്വം പുറത്തറിഞ്ഞതിനെത്തുടർന്ന് പെട്ടെന്ന് ഒറ്റ രാത്രികൊണ്ട് ദേശസ്‌നേഹം വന്നയാളിനെക്കുറിച്ച് തന്‍റെ മക്കൾക്ക് പറഞ്ഞുകൊടുക്കുമെന്നാണ് മറ്റൊരു ട്വീറ്റിൽ കുറിച്ചിട്ടുള്ളത്. ഇപ്പോൾ ഇന്ത്യൻ പാസ്പോർട്ടിലേക്ക് മാറുന്ന താരത്തിന്‍റെ മോശം സിനിമകളും അത്യാവശ്യം മികച്ച രീതിയിൽ തിയേറ്ററുകളിൽ ഓടുന്നുണ്ട്. എങ്കിലും കപടതക്കൽപ്പം പരിതിയില്ലേയെന്നടക്കമുള്ള ട്വീറ്റുകളും താരത്തിനെതിരെ വരുന്നുണ്ട്.