ഇക്കഴിഞ്ഞ ബുധനാഴ്‌ച ബോളിവുഡ് നടൻ അക്ഷയ് കുമാറിന് വളരെ കഠിനമായൊരു ദിവസമായിരുന്നു. പ്രാർഥനയും പ്രതീക്ഷയും വിഫലമാക്കി തന്‍റെ പ്രിയപ്പെട്ട അമ്മ വേർപിരിഞ്ഞെങ്കിലും അച്ഛനോടൊപ്പം അമ്മ വീണ്ടും ഒത്തുചേർന്നിരിക്കാം എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.
എന്നാൽ, അമ്മയുടെ വിയോഗത്തിന് തൊട്ടടുത്ത ദിവസം അക്ഷയ് കുമാറിന്‍റെ 54-ാം ജന്മദിനമാണ്. അമ്മയില്ലാത്ത ആദ്യ ദിവസവും, അദ്യ പിറന്നാളും. അമ്മയുടെ മരണത്തിന് തൊട്ടടുത്ത ദിവസം, ജന്മദിനത്തിൽ താരം പങ്കുവെച്ച കുറിപ്പാണ് ആരാധകരുടെ ഹൃദയം കവരുന്നത്.
ഇങ്ങനെയൊന്നും ഈ ദിവസം ആകണമെന്ന് വിചാരിച്ചില്ലെങ്കിലും, അമ്മ മുകളിലിരുന്ന് തനിക്കായി ഹാപ്പി ബർത്ത്ഡേ പാടുന്നുണ്ടാകാം എന്നാണ് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചത്.
അക്ഷയ് കുമാറിന്‍റെ വികാരാധീതമായ കുറിപ്പ്
'ഇതേ രീതിയിലുള്ള പിറന്നാൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എനിക്ക് അറിയാം മുകളിലിരുന്ന് അമ്മ എനിക്കായി ഹാപ്പി ബർത്ത്ഡേ പാടുന്നുണ്ടെന്ന്. ആദരാഞ്ജലികൾക്കും ആശംസകൾക്കും ഒരുപോലെ നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു. ജീവിതം മുന്നോട്ടുതന്നെ പോകും,' അക്ഷയ് കുമാർ ട്വീറ്റിൽ പറഞ്ഞു. അമ്മയിൽ നിന്നും ചുംബനം സ്വീകരിക്കുന്ന ഒരു ഓർമ ചിത്രവും നടൻ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
More Read: അക്ഷയ് കുമാറിന്‍റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു
മുംബൈയിലെ ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അക്ഷയ് കുമാറിന്‍റെ അമ്മ അരുണ ഭാട്ടിയ ബുധനാഴ്‌ചയാണ് അന്തരിച്ചത്. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ യുകെയിൽ ഷൂട്ടിങ്ങിലായിരുന്ന അക്ഷയ് കുമാർ നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.