കൊവിഡ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടതോടെ റിലീസ് പ്രഖ്യാപിച്ചിരുന്ന ബിഗ് ബജറ്റ് സിനിമകൾ ഉൾപ്പെടെ മിക്ക സിനിമകളും ഇപ്പോഴും തിരശ്ശീല കാണാതെ കാത്തിരിക്കുകയാണ്. മഹാമാരിയുടെ ശമനത്തിന് ശേഷം നിയന്ത്രണങ്ങളോടെയാണെങ്കിലും തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവർത്തകരും പ്രേക്ഷകരും.
എന്നാൽ, കുറേ സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും ഈ കാലയളവിൽ പ്രദർശനത്തിനെത്തിയിരുന്നു. ഇത് തിയേറ്റർ ഉടമകൾക്ക് വലിയ നഷ്‌ടമായിരുന്നു. കൊവിഡിന് ശേഷം വീണ്ടും സിനിമാപ്രദർശന ശാലകൾ സജീവമാകുമോ എന്ന ചോദ്യം അവശേഷിക്കെ തിയേറ്റർ ഉടമകൾക്ക് ആശ്വാസത്തിന്‍റെ പ്രഖ്യാപനമാണ് ബോളിവുഡ് താരം അക്ഷയ് കുമാർ നൽകിയിരിക്കുന്നത്.
ബെൽബോട്ടം തിയേറ്ററുകളിലേക്ക്
കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം വിദേശത്ത് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം കൂടിയായ ബെൽ ബോട്ടത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടുകൊണ്ടാണ് താരത്തിന്‍റെ പ്രഖ്യാപനം. രഞ്ജിത് എം. തിവാരി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജൂലൈ 27ന് തിയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തും. ചിത്രത്തിൽ നിന്നുള്ള ടീസർ പങ്കുവച്ചുകൊണ്ടാണ് ആഗോളതലത്തിൽ ബെൽബോട്ടം റിലീസ് ചെയ്യുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്.
More Read: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് ചിത്രീകരിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായി 'ബെൽ ബോട്ടം'
1980ന്‍റെ പശ്ചാത്തലത്തിൽ ചാരവൃത്തി പ്രമേയമാക്കി ഒരുക്കുന്ന ത്രില്ലർ ചിത്രത്തിലെ അക്ഷയ് കുമാറിന്‍റെ നായിക വാണി കപൂറാണ്. ഹുമ ഖുറേഷി, ലാറ ദത്ത, ആദിൽ ഹുസൈൻ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. വാഷു ഭഗ്നാനി, ജാക്കി ഭഗ്‌നാനി, ദീപ്‌ശിഖാ ദേശ്‌മുഖ്, മോനിഷ അദ്വാനി, നിഖിൽ അദ്വാനി, മധു ഭോജ്വാനി എന്നിവരാണ് ബെൽബോട്ടത്തിന്‍റെ നിർമാതാക്കൾ.