അടുത്തിടെയാണ് ഗായിക സയനോര ഫിലിപ്പിനെതിരെ വസ്‌ത്രധാരണത്തിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ഉയർന്നത്. സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിനിടെയുള്ള ഡാൻസ് വീഡിയോ ആണ് പലരെയും ചൊടിപ്പിച്ചത്.
സയനോരയുടെയും സിനിമാതാരങ്ങളായ സുഹൃത്തുക്കളുടെയും വസ്‌ത്രധാരണം ശരിയല്ലെന്ന് വാദിച്ച് ഒരു പക്ഷം എത്തുകയും വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതിനെതിരെ പ്രതികരിക്കുകയുമായിരുന്നു.
പിന്നാലെ, ഗായിക സിതാര, നടൻ ഹരീഷ് പേരടി ഉൾപ്പടെയുള്ളവർ സയനോരയ്ക്ക് പിന്തുണയുമായി സമാനമായ രീതിയിൽ തങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ സ്‌ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണവും അധിക്ഷേപവും നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. ഇങ്ങനെയുള്ള ആക്ഷേപങ്ങൾക്ക് തക്കതായ മറുപടി നൽകുകയാണ് ഹിന്ദി ടെലിവിഷൻ താരം ഉര്‍ഫി ജാവേദ്.
More Read: 'മൈ ലൈഫ്, മൈ ബോഡി, മൈ വേ'; സൈബർ അക്രമികളുടെ വായടപ്പിച്ച് സയനോര
ഉർഫി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്കുനേരെ വസ്‌ത്രധാരണത്തിന്‍റെ പേരിൽ കുറ്റപ്പെടുത്തലുകളുണ്ടായി. മുംബൈ വിമാനത്താവളത്തില്‍ ബട്ടൻ തുറന്ന തരത്തിലുള്ള പാന്‍റ് ധരിച്ചതിന്‍റെ പേരിലും ഉര്‍ഫി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന് തന്‍റെ സ്റ്റൈലിൽ പുതിയ ചിത്രങ്ങളിലൂടെ ഉർഫി ജാവേദ് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
'എന്നോട് ശരീരം മറയ്ക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്‍റെ സ്റ്റൈലില്‍ അത് ചെയ്‌തു,' എന്ന് കുറിച്ചുകൊണ്ട് ബിഗ് ബോസ് ഒടിടി ഫെയിം പ്രതികരിച്ചു. തല മറച്ചുകൊണ്ട് ബാക്ക്‌ലെസ് സ്റ്റൈലിലുള്ള ചിത്രങ്ങളാണ് താരത്തിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ളത്.