കേരളം

kerala

ETV Bharat / sitara

കാലാപാനിയുടെ നായികക്ക് ഇന്ന് നാൽപത്തിയെട്ടാം പിറന്നാൾ - Tabu actress

ബോളിവുഡിലെ പ്രശസ്‌ത നടി തബു എന്നറിയപ്പെടുന്ന തബസ്സും ഫാത്തിമ ഹാഷ്‌മി കാലാപാനി, രാക്കിളിപ്പാട്ട്, ഉറുമി എന്നീ ചിത്രങ്ങളിലൂടെ മലയാളികളികളുടെ പ്രിയപ്പെട്ട നായികയായി.

തബു പിറന്നാൾ

By

Published : Nov 4, 2019, 7:32 AM IST

ബോളിവുഡിലും തെന്നിന്ത്യയിലും മറാത്തി, ബംഗാൾ കൂടാതെ ഹോളിവുഡിലും പ്രശസ്‌തയാണ് തബു. ഇന്ത്യയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളായ തബു എന്നറിയപ്പെടുന്ന തബസ്സും ഫാത്തിമ ഹാഷ്‌മിയുടെ 48-ാം പിറന്നാളാണ് ഇന്ന്. 1971 നവംബർ നാലിന് നടനായ ജമാൽ ഹാഷ്‌മിയുടെയും റിസ്വാനയുടെയും മകളായി ജനനം. തബു ജനിച്ച് മാസങ്ങൾക്ക് ശേഷം തബുവിന്‍റെ മാതാപിതാക്കൾ തമ്മിൽ പിരിഞ്ഞു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക തബുവിന്‍റെ സഹോദരി ഫാറാ നാസ് തൊണ്ണൂറുകളിലെ പ്രശസ്‌ത ബോളിവുഡ് നായികയാണ്.

ഹൈദരാബാദുകാരിയായ തബു തന്‍റെ പതിനൊന്നാം വയസ്സു മുതൽ സിനിമയിൽ സാന്നിധ്യമറിയിച്ചിരുന്നു. 1982 ല്‍ ‘ബസാര്‍’ എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധേയമായ താരം മലയാളത്തിലെത്തുന്നത് പ്രിയദര്‍ശൻ സംവിധാനം ചെയ്‌ത ‘കാലാപാനി’ യിലൂടെയാണ്. മോഹന്‍ലാലിന്‍റെ നായികാ കഥാപാത്രത്തിന് ശേഷം സുരേഷ് ഗോപി ചിത്രം ‘കവര്‍ സ്റ്റോറി’, പ്രിയദര്‍ശന്‍റെ തമിഴ്-മലയാളം ചിത്രം ‘രാക്കിളിപ്പാട്ട്’ തുടങ്ങിയ ചിത്രങ്ങളിലും തബു വേഷമിട്ടു. ഏറെ നാളത്തെ ഇടവേളക്കു ശേഷം വീണ്ടും തബുവിന്‍റെ സാന്നിധ്യം മലയാളിക്ക് ലഭിച്ചത് സന്തോഷ്‌ ശിവൻ സംവിധാനം ചെയ്‌ത ‘ഉറുമി’യിലൂടെയായിരുന്നു.
തമിഴിലും തബുവിന്‍റെ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്. മണിരത്നത്തിന്‍റെ ‘ഇരുവര്‍’, രാജീവ്‌ മേനോന്‍റെ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’, കതിര്‍ സംവിധാനം ചെയ്‌ത ‘കാതല്‍ ദേശം’ എന്നീ സിനിമകളുടെ വിജയത്തോടൊപ്പം തബു എന്ന അഭിനേത്രിയും ആരാധകമനസ്സിൽ ഇടം പിടിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ബംഗാൾ, മറാത്തി, ഹിന്ദി ഭാഷകൾക്കു പുറമെ 'ദി നെയിംസെയ്‌ക്ക്', 'ലൈഫ് ഓഫ് പൈ' എന്നീ അന്തർദേശീയ ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ബോക്‌സ്ഓഫീസ് ഹിറ്റുകളേക്കാൾ കഥയ്‌ക്കും കലയ്‌ക്കും പ്രാധാന്യമുള്ള സിനിമകളായിരുന്നു തബു തിരഞ്ഞെടുത്തിരുന്നവയിൽ മിക്കതും. ഈ മാസം റിലീസിനെത്തുന്ന വിരാത പർവ്വം, ജവാനി ജാനേമാൻ എന്നിവയാണ് താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ. 2011ലെ പത്‌മശ്രീയുൾപ്പടെ ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങളും നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details