ഓക്‌സിജൻ ക്ഷാമം, മതിയായ ചികിത്സാ സൗകര്യങ്ങളുടെ അഭാവം, രോഗം മൂർച്ഛിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ ശ്മശാനത്തിന് മുന്നിൽ ആംബുലൻസിന്‍റെ നീണ്ട നിര... കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികളേറെ. സമൂഹമാധ്യമങ്ങളിലൂടെ ജീവവായുവിന് വേണ്ടി അപേക്ഷിക്കുന്ന കൊവിഡ് രോഗികളുടെ അവസാന നിമിഷങ്ങൾ കണ്ടും നിശബ്‌ദരായി നിൽക്കുകയാണ് ഭരണകൂടം.
കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ താൻ നികുതി അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി മീര ചോപ്ര. തനിക്ക് വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ടുവെന്നും അതിന് കൊവിഡല്ല, ആവശ്യമായിരുന്ന മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ് കാരണമെന്നും മീര ചോപ്ര പറഞ്ഞു. "ആശുപത്രികളിൽ കിടക്കയോ ശ്വസിക്കാനും ജീവിക്കാനും ഓക്സിജനും ലഭ്യമല്ലാത്തപ്പോൾ 18 ശതമാനം ജിഎസ്‌ടി അടക്കാൻ ഞാൻ തയ്യാറല്ല," എന്ന് മീര ട്വിറ്ററിലൂടെ വിശദമാക്കി.