ട്വിറ്ററിലെ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ടിന്‍റെ ചില ട്വീറ്റുകള്‍ കഴിഞ്ഞ ദിവസം ട്വിറ്റര്‍ നീക്കം ചെയ്‌തിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ നടിയുടെ രണ്ട് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്‌തത്. തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ നടപടി സ്വീകരിച്ചുവെന്നാണ് ട്വിറ്റര്‍ നല്‍കിയ വിശദീകരണം. ഇപ്പോള്‍ ട്വീറ്റുകള്‍ നീക്കം ചെയ്‌ത ട്വിറ്ററിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. പുതിയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് കങ്കണ പ്രതിഷേധിച്ചത്. ഒപ്പം ട്വീറ്റിലൂടെ ട്വിറ്ററിനെ വെല്ലുവിളിക്കുകയും ചെയ്‌തിട്ടുണ്ട് കങ്കണ.
ട്വിറ്ററിനെ വെല്ലുവിളിച്ച് നടി കങ്കണ റണൗട്ടിന്‍റെ പുതിയ ട്വീറ്റ്
ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകള്‍ പങ്കുവെച്ചുവെന്ന് കാട്ടി കഴിഞ്ഞ ദിവസം കങ്കണ റണൗട്ടിന്‍റെ ചില ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിനെ വെല്ലുവിളിച്ച് കങ്കണ പുതിയ ട്വീറ്റ് പങ്കുവെച്ചത്
ട്വിറ്ററിനും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുമെന്നാണ് കങ്കണ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ കയ്യിലെ കളിപ്പാട്ടമാണ് ട്വിറ്ററെന്നും കങ്കണ ട്വീറ്റ് ചെയ്‌തു. 'അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കല്‍ ഇവിടെ നിന്ന് പോകുകയാണെങ്കില്‍ അന്ന് നിന്നെയും കൊണ്ടേ പോകൂ... ചൈനീസ് ടിക് ടോക് ബാന്‍ ചെയ്‌ത പോലെ നിന്നെയും വിലക്കും..' ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്‌ത് കങ്കണ ട്വീറ്റ് ചെയ്‌തു.
ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളില്‍ കങ്കണ കടന്നാക്രമിച്ചിരുന്നു. കര്‍ഷക പ്രതിഷേധക്കാരെ ഭീകരവാദികളെന്നും അവരെ പിന്തുണച്ച റിഹാനയെ വിഡ്ഡീ എന്നുമാണ് കങ്കണ അഭിസംബോധന ചെയ്‌തത്. കര്‍ഷകരെ ഭീകരവാദികളെന്നും കങ്കണ വിളിച്ചിരുന്നു. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും കങ്കണ പറഞ്ഞു. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിരുന്നു.