രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതില്‍ നിന്നും ഭാരതമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ട്. 'ഇന്ത്യ'യെന്നത് അടിമപ്പേരാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമമായ കൂവിലാണ് കങ്കണയുടെ പ്രതികരണം.
പ്രതികരണത്തിന്‍റെ ചെറിയ വിവരണം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും കങ്കണ പങ്കുവെച്ചു.
കങ്കണ റണൗട്ടിന്‍റെ വാക്കുകള്‍
'പാശ്ചാത്യ ലോകത്തിന്‍റെ മറ്റൊരു തനി പകർപ്പായി തുടരുകയാണെങ്കിൽ രാജ്യം ഒരിക്കലും പുരോഗമിക്കില്ല. പുരാതന ആത്മീയതയിലും ജ്ഞാനത്തിലും ഉറച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഉയര്‍ത്ത് എഴുന്നേല്‍ക്കാനാകൂ. അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവ്. ലോകം നമ്മിലേക്ക് നോക്കുന്നുണ്ട്.
പടിഞ്ഞാറന്‍ രാജ്യങ്ങളെ പകര്‍ത്തിയല്ല നാം ലോകത്തിന്‍റെ നേതാവാകേണ്ടത്. വേദങ്ങള്‍, ഗീത, യോഗ എന്നിവയില്‍ ആഴത്തില്‍ നാം നിലകൊള്ളണം. ഇന്ത്യയെന്ന അടിമപ്പേരു മാറ്റി ഭാരതം എന്നാക്കാമോ?' ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്ത്യ എന്ന അടിമപ്പേര് നല്‍കിയത്.
എന്ത് പേരാണിത്. ഭാരതത്തിന്‍റെ അര്‍ഥം നോക്കൂ. ഭാവ്, രാഗ്, താല്‍ എന്ന മൂന്ന് വാക്കില്‍ നിന്നാണ് അതുണ്ടായത്. നമ്മള്‍ നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം. ഭാരതം എന്ന പേരില്‍ നിന്ന് തന്നെ അത് തുടങ്ങാം' കങ്കണ റണൗട്ട് കൂട്ടിച്ചേര്‍ത്തു.
വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ നടി കങ്കണ റണൗട്ട് കൂ, ഇൻസ്റ്റഗ്രാം മുതലായ സോഷ്യല്‍മീഡിയ ആപ്പുകള്‍ വഴിയാണ് ആരാധകരോട് സംവദിക്കുന്നത്.
അണിയറയിലെ സിനിമകള്‍
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവതം പറയുന്ന ബയോപിക് ചിത്രം തലൈവിയാണ് ഇനി റിലീസ് ചെയ്യാനുള്ള കങ്കണ റണൗട്ട് സിനിമ. ചിത്രത്തിന് കഴിഞ്ഞ ദിവസമാണ് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഓഗസ്റ്റില്‍ തിയേറ്ററുകള്‍ തുറക്കുന്നതനുസരിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തും. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് എ.എൽ വിജയ് ആണ്.
Also read:'തലൈവി'ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്; ഓഗസ്റ്റിൽ റിലീസിനെത്തുമെന്ന് സൂചന