കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സിനിമാമേഖലയും സജീവമാണ്. രാജ്യം അതീവ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാൻ സന്നദ്ധരാണെന്ന് സിനിമാതാരങ്ങളും സംവിധായകരും അറിയിക്കുകയാണ്.
കൊവിഡിനെ സംബന്ധിച്ച് ശരിയായ വിവരങ്ങൾ കൈമാറുന്നതിനും സഹായ അഭ്യർഥനകൾ ക്രോഡീകരിക്കുന്നതിനും തങ്ങളുടെ പുതിയ സിനിമയായ ആർആർആറിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വിട്ടുനൽകുന്നുവെന്ന് ഇന്ത്യയിലെ പ്രമുഖ സംവിധായകൻ എസ്.എസ് രാജമൗലി പറഞ്ഞിരുന്നു. ഇപ്പോഴിതാ, കൊവിഡ് പ്രവർത്തനങ്ങൾക്കായി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എൻജിഒക്ക് വിട്ടുനൽകിയിരിക്കുകയാണ് ബോളിവുഡ് നടൻ ജോൺ എബ്രഹാമും.
ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ എന്നിവക്കായി ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കുന്ന എൻജിഒ സംഘടനക്കാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജ് കൈമാറുന്നതെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന എന്ത് കാര്യങ്ങളും ചെയ്യാമെന്നും നടൻ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
താരത്തിന്‍റെ പോസ്റ്റിന് ശേഷം രക്തദാനത്തിനും പ്ലാസ്മ ദാനത്തിനും സന്നദ്ധരായവർ മുന്നോട്ട് വരാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള വിവരങ്ങളാണ് ജോൺ എബ്രഹാമിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുള്ളത്. ആരാധകരും അദ്ദേഹത്തിന്‍റെ തീരുമാനത്തെ പ്രശംസിച്ച് പ്രതികരിച്ചിട്ടുണ്ട്.