150 crore Bahubali shelved by netflix: 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ബാഹുബലി സീരീസ് ഉപേക്ഷിച്ച് നെറ്റ്‌ഫ്ലിക്‌സ്. 'ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്' എന്ന് പേരിട്ടിരിക്കുന്ന സീരീസാണ് നെറ്റ്‌ഫ്ലിക്‌സ് ഉപേക്ഷിച്ചത്. ബാഹുബലി സിനിമകളുടെ കൂറ്റന്‍ വിജയത്തിന് ശേഷം നെറ്റ്‌ഫ്ലിക്‌സുമായി ചേര്‍ന്ന് ഒരു പ്രീക്വല്‍ നിര്‍മ്മിക്കുമെന്ന് രാജമൗലി പ്രഖ്യാപിച്ചിരുന്നു.
ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്‌റ്റ് പ്രൊഡക്ഷനും ശേഷമാണ് ബാഹുബലി സീരീസ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്‌ടപ്പെടാത്തതാണ് സീരീസ് ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദേവ കട്ടയാണ് സീരീസിന്‍റെ സംവിധായകന്‍. കുനാല്‍ ദേശ്‌മുഖ്, റിബു ദസ്‌ഗുപ്‌ത എന്നീ സംവിധായകര്‍ക്ക് പകരമായി ദേവ കട്ട എത്തുകയായിരുന്നു. പിന്നീട് രാഹുല്‍ ഹോസും അതുല്‍ കുല്‍ക്കര്‍ണിയും പരമ്പരയുടെ ഭാഗമായി.
എഡിറ്റിങ് ഘട്ടത്തില്‍ പ്രതീക്ഷിച്ച നിലവാരമില്ലെന്ന് വിലയിരുത്തിയാണ് നെറ്റ്‌ഫ്ലിക്‌സ് ദേവകട്ടയുടെ പരമ്പര ഉപേക്ഷിച്ചത്. കൂടാതെ പരമ്പരയുടെ സംവിധാന ചുമതല വീണ്ടും നെറ്റ്‌ഫ്ലിക്‌സ് കുനാലിന് കൈമാറി. 2021 ജൂലൈയില്‍ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും ആഗ്രഹിച്ച നിലവാരമില്ലെന്ന് ബോധ്യപ്പെട്ടതോടെ നെറ്റ്‌ഫ്ലിക്‌സ് പരമ്പര തന്നെ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് ഘട്ടത്തിലായി 150 കോടിയോളം രൂപയാണ് നെറ്റ്‌ഫ്ലിക്‌സിന് ഇതിലൂടെ നഷ്‌ടമായത്.