വാഷിങ്ടണ്‍ :ഏറ്റവും വലുതും ശക്തിയേറിയതുമായ ബഹിരാകാശ ദൂരദർശിനി, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (James Webb Space Telescope) ക്രിസ്മസ് ദിനമായ ഇന്ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കൂറോ ബഹിരാകാശ പോർട്ടിൽ നിന്നും യൂറോപ്യൻ ഏരിയൻ റോക്കറ്റിലാണ് ദൂരദര്‍ശിനി വിക്ഷേപിക്കുകയെന്ന് നാസ അറിയിച്ചു.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ, കനേഡിയൻ സ്പേസ് ഏജൻസികളും ചേർന്നാണ് ടെലിസ്കോപ്പ് വികസിപ്പിച്ചത്. 10 ബില്യൺ ഡോളര്‍ ചിലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
വെബ് ഒരു അസാധാരണ ദൗത്യമാണെന്ന് നാസ അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. "വലിയ സ്വപ്‌നങ്ങൾ കാണുമ്പോൾ നമുക്ക് എന്തെല്ലാം ചെയ്യാനാകുമെന്നതിന്‍റെ ഉജ്വലമായ ഉദാഹരണമാണിത്. ഈ പദ്ധതി എല്ലായ്‌പ്പോഴും അപകടസാധ്യതയുള്ളതാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, വലിയ പ്രതിഫലത്തിനായി തീര്‍ച്ചയായും വലിയ റിസ്ക് എടുക്കേണ്ടതുണ്ട് " ബിൽ നെൽസൺ പറഞ്ഞു.
ഒരു ട്രക്കിന്‍റെ വലിപ്പമുള്ള ദൂരദര്‍ശിനിയുടെ നിര്‍മാണത്തിലൂടെ പ്രപഞ്ചത്തിലേക്കും അതിന്‍റെ ചരിത്രത്തിലേക്കുമാണ് ശാസ്ത്ര ലോകം ലക്ഷ്യം വയ്‌ക്കുന്നത്. താരാപഥങ്ങളുടെ കേന്ദ്രങ്ങളിലെ തമോഗര്‍ത്തങ്ങള്‍ പരിശോധിക്കുക, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിലെ ജീവന്‍റെ തെളിവുകള്‍ കണ്ടെത്തുക, സൗരയൂഥത്തിന്‍റെ അരികിലുള്ള ഉപഗ്രഹങ്ങളിൽ തണുത്തുറഞ്ഞ സമുദ്രങ്ങളെ കുറിച്ച് പഠിക്കുക. പ്രപഞ്ചത്തിൽ പിറവിയെടുത്ത ആദ്യകാല നക്ഷത്രസമൂഹങ്ങളെ കണ്ടെത്തുക തുടങ്ങിയവയാണ് ജയിംസ് വെബ്ബിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ഭൂമിയിൽ നിന്നും ഏകദേശം ഒരു ദശലക്ഷം മൈൽ (1.6 ദശലക്ഷം കിലോമീറ്റർ) അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ദൂരദര്‍ശിനി വിക്ഷേപിക്കുന്നത്. ഭ്രമണപഥത്തിലെത്താന്‍ ഏകദേശം ഒരു മാസമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. സെക്കന്‍റ് ലഗ്രാഞ്ച് പോയിന്‍റ് (L2) എന്നാണ് ഈ സ്ഥലം വിളിക്കപ്പെടുന്നത്.