സോനിപത് (ഹരിയാന) : ഇന്ത്യക്കാരുടെ മനസ്സും, ഇഷ്‌ടവും മനസ്സിലാക്കിയുള്ള കാറുകള്‍ നിരത്തിലിറക്കാറുള്ള മാരുതിയുടെ പുതിയ പ്ലാന്‍റിന്‍റെ ശിലാസ്ഥാപനം നാളെ (28.08.2022) പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മാരുതി ഉദ്യോഗ് ഗ്രൂപ്പിന്റെ ഹരിയാനയിലെ സോനിപത്തിലുള്ള പുതിയ നിര്‍മാണശാലയുടെ തറക്കല്ലിടലാണ് പ്രധാനമന്ത്രി വിര്‍ച്വലായി നടത്തുക. ഗുരുഗ്രാം, മനേസർ എന്നിവിടങ്ങളില്‍ മുമ്പ് തന്നെ പ്ലാന്റുകളുള്ള മാരുതിയുടെ ഹരിയാനയിലെ മൂന്നാമത്തെ നിര്‍മാണശാലയാണിത്.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, മറ്റ് പാർട്ടി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഈ ശിലാസ്ഥാപനം ഹരിയാനയുടെ വ്യാവസായിക പുരോഗതിക്ക് പുതിയ മാര്‍ഗം തെളിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ അറിയിച്ചു. നിലവില്‍ ഹരിയാന രാജ്യത്തെ പ്രധാന ഓട്ടോമൊബൈൽ വ്യവസായ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിൽ നിർമിക്കുന്ന കാറുകളുടെ 50 ശതമാനവും ഹരിയാനയിലാണ് വികസിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
800 ഏക്കറില്‍ ഏറ്റവും വലിയ കാർ പ്ലാന്റും, 100 ഏക്കറില്‍ ബൈക്ക് പ്ലാന്റുമാണ് മാരുതി നിര്‍മിക്കുന്നതെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ഇതൊരു ചരിത്രപരമായ ചുവടുവയ്പായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം മാരുതിയുടെ വരവോടെ ഗുരുഗ്രാമിലേതും, മനേസറിലേതും പോലെ മേഖലയിലെ യുവാക്കൾക്ക് തൊഴിൽ നല്‍കുമെന്നും വ്യക്തമാക്കി.
എത്തുന്നത് ലോകത്തിലെ തന്നെ വമ്പന്‍ നിര്‍മാണശാലകളില്‍ ഒന്ന് :ഇലക്‌ട്രിക് കാറിന്‍റേതും, ബൈക്കിന്‍റേതുമായ രണ്ട് നിര്‍മാണശാലകളുടെ ശിലാസ്ഥാപനമാണ് നാളെ (28.08.2022) പ്രധാനമന്ത്രി നിര്‍വഹിക്കുക. ഖാര്‍ഖോഡയിലെ വ്യവസായ ടൗണ്‍ഷിപ്പില്‍ മാരുതി സുസുക്കി ഇലക്‌ട്രിക് കാറുകളും, സുസുക്കി കമ്പനി ഇ-ബൈക്കുകളും നിര്‍മിക്കും. ഹരിയാനയിലെ ഖാർഖോഡയിലുള്ള ഈ വാഹന നിർമാണ യൂണിറ്റിന് പ്രതിവർഷം ഒരു ദശലക്ഷം യാത്രാവാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ടായിരിക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സൈറ്റ് പാസഞ്ചർ വാഹന നിർമാണ യൂണിറ്റുകളിൽ ഒന്നായും ഇത് മാറും. 11,000 കോടിയിലധികം രൂപയുടെ മുതൽമുടക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം കമ്പനി ഇവിടെ സ്ഥാപിക്കുന്നത്.
നിര്‍മാണം 900 ഏക്കറില്‍ :സോനിപത് ജില്ലയിലെ ഖാർഖോഡ മേഖലയിൽ വൻകിട പ്ലാന്റ് സ്ഥാപിക്കുന്നതിനായി മാരുതി-സുസുക്കി സർക്കാരിൽ നിന്ന് 900 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം, 2022 മെയ് 19 ന് ഹരിയാന സർക്കാരും മാരുതി സുസുക്കിയും തമ്മിൽ 900 ഏക്കർ ഭൂമിയുടെ കരാറില്‍ ഒപ്പുവച്ചു. ഹരിയാന സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്‍റെ (എച്ച്എസ്ഐഐഡിസി) പേരിലാണ് സര്‍ക്കാര്‍ മാരുതി സുസുക്കിക്ക് 900 ഏക്കർ ഭൂമി കൈമാറിയത്. ഇതിനുപകരമായി 2400 കോടി രൂപയുടെ ഓൺലൈൻ ഇടപാടുകളാണ് മാരുതി എച്ച്എസ്ഐഐഡിസിക്ക് നല്‍കിയത്.
13,000 പേര്‍ക്ക് തൊഴിലവസരം : മാരുതി സുസുക്കിയുടെ ഖാർഖോഡയിലെ നിര്‍മാണശാല വരുന്നതോടെ വലിയൊരു വിഭാഗം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ച ശേഷം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം പുതിയ പ്ലാന്റ് 13,000 പേർക്ക് തൊഴിൽ നൽകുമെന്നാണ് അറിയിക്കുന്നത്. മാത്രമല്ല, ഇതോടെ ഹരിയാനയിലെ യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ ജോലികളിൽ 75 ശതമാനം സംവരണത്തിന്റെ ആനുകൂല്യവും ലഭ്യമാകും.
നിര്‍മാണം ആരംഭിക്കുക 2025 ല്‍ :മാരുതിയുടെയും സുസുക്കിയുടെയും ഇന്ത്യയിലുള്ള 40 വർഷത്തെ യാത്രയാണ് ഇതോടെ സഫലമാകുന്നത് എന്നത് മറ്റൊരു ചരിത്രം. ഖാർഖോഡയിലെ മാരുതിയുടെ പ്ലാന്റിൽ 2025ലാണ് ഉത്പാദനം ആരംഭിക്കുക. ഇവിടെ പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.