ലോകത്തെ ഏറ്റവും അപകടകാരിയായ രോഗങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് എച്ച്ഐവി - എയ്‌ഡ്‌സ്. ഒരു കാലത്ത് എയ്‌ഡ്‌സ് ബാധിച്ചവരുടെ അടുത്ത് നിന്നാൽ പോലും രോഗം പകരുമെന്ന് കരുതി ഓടി ഒളിച്ചിരുന്നവരാണ് പലരും. എന്നാൽ അതിൽ നിന്നെല്ലാം മാറ്റം വന്നു. എച്ച്‌ഐവി ബാധിതരെ ചേർത്ത് നിർത്താൻ നമ്മുടെ സമൂഹം മുന്നോട്ടുവരുന്നുണ്ട്. ഈ രോഗത്തെക്കുറിച്ചും, അതിന്‍റെ ചികിത്സയെക്കുറിച്ചും, രോഗവുമായി ബന്ധപ്പെട്ട വസ്‌തുതകളെക്കുറിച്ചും അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഡിസംബർ 1 ന് 'ലോക എയ്‌ഡ്‌സ് ദിനം' ആചരിക്കുന്നത്.
ചികിത്സയും മുൻകരുതലുകളും സ്വീകരിച്ചാൽ എയ്‌ഡ്‌സ് എന്ന വില്ലനെ നിയന്ത്രിക്കാമെങ്കിലും ഈ രോഗം മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണെന്നതാണ് വസ്‌തുത. 2021ൽ ഏകദേശം 1.5 കോടി ജനങ്ങൾക്ക് എച്ച്‌ഐവി എയ്‌ഡ്‌സ് ബാധിച്ചിട്ടുണ്ടെന്നാണ് UNAIDS-ന്‍റെ (UNICEF-ന്‍റെ ഒരു ശാഖ) കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇതിൽ 6.50 ലക്ഷം പേർ ഈ അണുബാധ മൂലവും മറ്റ് അനുബന്ധ രോഗങ്ങൾ മൂലവും മരണപ്പെട്ടു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
UNAIDS-ന്‍റെ റിപ്പോർട്ടുകൾ അനുസരിച്ച് ലോകമെമ്പാടും ഇതുവരെ 8.42 കോടി പേർക്ക് എയ്‌ഡ്‌സ് ബാധിച്ചിട്ടുണ്ട്. അതിൽ ഏകദേശം 4.1 കോടി പേർ ഇതിനകം മരണപ്പെട്ടുകഴിഞ്ഞു. ഈ കണക്കുകൾ വച്ചുനോക്കുമ്പോൾ എച്ച്‌ഐവി എയ്‌ഡ്‌സാണ് നിലവിൽ ലോകത്തുള്ളതിൽ വെച്ച് ഏറ്റവും അപകടകാരിയായ രോഗം എന്ന് പറയുന്നതിൽ തെറ്റില്ല.
എയ്‌ഡ്‌സ് ദിനം: എയ്‌ഡ്‌സിനെക്കുറിച്ചും അതിന്‍റെ ചികിത്സകളെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുക എന്നത് മാത്രമല്ല ലോക എയ്‌ഡ്‌സ് ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. എയ്‌ഡ്‌സ് ബാധിതരോട് ഐക്യദാര്‍ഢ്യമോ പിന്തുണയോ പ്രകടിപ്പിക്കുകയും, രോഗ ബാധിതരെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി എയ്‌ഡ്‌സ് ദിനാചരണത്തിന്‍റെ ഭാഗമായി മുന്നോട്ടുവെയ്‌ക്കുന്നുണ്ട്.
ഓരോ വർഷവും പുതിയ പ്രമേയങ്ങളുമായാണ് ലോകാരോഗ്യ സംഘടന ലോക എയ്‌ഡ്‌സ് ദിനം ആചരിക്കുന്നത്. സമൂഹത്തിൽ വ്യാപിച്ചുകിടക്കുന്ന അസമത്വം ഇല്ലാതാക്കി എയ്‌ഡ്‌സ് നിർമാർജനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് 'തുല്യപ്പെടുത്തുക' (Equalize) എന്ന എന്ന പ്രമേയവുമായാണ് ലോക എയ്‌ഡ്‌സ് ദിനം 2022ൽ ആചരിക്കുന്നത്. 'ഒന്നായി തുല്യരായി തടുത്തുനിർത്താം' എന്നാണ് ഈ പ്രമേയത്തിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യം വയ്‌ക്കുന്നത്.
1987-ലാണ് എയ്‌ഡ്‌സിനായി ഒരു ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ലോകാരോഗ്യ സംഘടനയുടെ 'ഗ്ലോബൽ പ്രോഗ്രാം ഓൺ എയ്‌ഡ്‌സിന്‍റെ' ഇൻഫർമേഷൻ ഓഫിസർമാരായ ജെയിംസ് ഡബ്ല്യു ബണ്ണും, തോമസ് നെറ്ററുമാണ് ഈ ആശയത്തിന്‍റെ ഉപജ്ഞാതാക്കൾ. തുടർന്ന് 1988 ഡിസംബർ 1ന് 'ആശയവിനിമയം' എന്ന പ്രമേയവുമായി ലോക എയ്‌ഡ്‌സ് ദിനം ആചരിക്കാൻ ഗ്ലോബൽ പ്രോഗ്രാം ഓൺ എയ്‌ഡ്‌സ് ഡയറക്‌ടർ ജോനാഥൻ മാൻ തീരുമാനിക്കുകയായിരുന്നു.
റെഡ് റിബണ്‍ ഡേ : 1996 മുതൽ ഐക്യരാഷ്‌ട്രസഭയുടെ 'UNAIDS' എന്ന പദ്ധതിയിലൂടെ ലോക എയ്‌ഡ്‌സ് ദിനം ആചരിക്കാനും അതിനുകീഴിൽ വിവിധ ബോധവത്കരണ പരിപാടികളും കാമ്പെയ്‌നുകളും സംഘടിപ്പിക്കാനും തുടങ്ങി. തുടക്കത്തിൽ കുട്ടികൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകി അവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രചാരണം നടത്തിയിരുന്നത്.
എന്നാൽ പിന്നീട് എല്ലാ പ്രായത്തിലും ലിംഗത്തിലും പെട്ട ആളുകളെയും സംരക്ഷിക്കാനും അവരെ ബോധവത്കരിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. എയ്‌ഡ്‌സ് എന്ന രോഗത്തിന്‍റെ തീവ്രത കണക്കിലെടുത്ത് 2007ൽ വൈറ്റ് ഹൗസാണ് ലോക എയ്‌ഡ്‌സ് ദിനത്തിന്‍റെ പ്രതീകമായി 'റെഡ് റിബണ്‍' അംഗീകരിച്ചത്. അതുകൊണ്ടാണ് ഡിസംബർ ഒന്ന് 'റെഡ് റിബണ്‍ ഡേ' എന്നും അറിയപ്പെടുന്നത്.