മെല്‍ബണ്‍:അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്ത് വരാനിരിക്കുന്നത് അതികഠിന താപനിലയെന്ന് മുന്നറിയിപ്പുമായി ലോക കാലാവസ്ഥ സംഘടന (ഡബ്ല്യൂഎംഒ). അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ഒരു വര്‍ഷത്തെ താപനില നിലവിലെ റെക്കോഡ് പിന്നിടും. ഗ്ലോബൽ ആനുവൽ ടു ഡെക്കാഡൽ ക്ലൈമറ്റ് അപ്‌ഡേറ്റ് എന്ന റിപ്പോര്‍ട്ടിലാണ് സംഘടന ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. ഹരിതവാതക ഉദ്‌വമനം കുറയുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ താപനില ഉയരാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ 10 ശതമാനമായിരുന്ന താപനിലയില്‍ 2017നും 2021നും ഇടയില്‍ പത്ത് ശതമാനമാണ് വര്‍ധനവുണ്ടായത്. താപനില ഓരോ വര്‍ഷത്തിലും 0.2 സെല്‍ഷ്യസ് എന്ന തോതില്‍ താപനില അധികരിച്ച് കൊണ്ടിരിക്കുകയാണെന്നും പഠനങ്ങള്‍ പറയുന്നു. കാലാവസ്ഥയില്‍ ഇത്തരത്തില്‍ വന്‍ മാറ്റങ്ങളുണ്ടാകുന്നത് ഭൂമിയിലെ മനുഷ്യരുടെ സ്വാധീനമാണെന്നാണ് വിലയിരുത്തല്‍. ആഗോള താപനം അല്ലെങ്കില്‍ ഗ്ലോബല്‍ വാമിങ്ങാണ് ഭൂമിയില്‍ താപനില ഉയരാന്‍ കാരണമാകുന്നത്.
എന്താണ് ഗ്ലോബല്‍ വാമിങ് അല്ലെങ്കില്‍ ആഗോള താപനം: മനുഷ്യരുടെ നിരന്തരമുള്ള ഇടപെടലുകള്‍ കൊണ്ട് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍റെ അളവ് വര്‍ധിക്കുന്ന പ്രക്രിയയാണ് ആഗോള താപനം അല്ലെങ്കില്‍ ഗ്ലോബല്‍ വാമിങ്. മനുഷ്യരുടെ സ്വാധീനം കൊണ്ട് മാത്രമല്ല പ്രകൃതിയില്‍ സംഭവിക്കുന്ന ചില മാറ്റങ്ങള്‍ കാരണവും ഇത്തരത്തില്‍ ആഗോള താപനം സംഭവിച്ചേക്കാം.
ഇത്തരത്തിലുണ്ടാകുന്ന ആഗോള താപനം തടയാന്‍ ഭൂമിയിലെ മരങ്ങള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. ഭൂമിയില്‍ നിന്ന് വനങ്ങള്‍ ഇല്ലാതാകുകയും പുക പോലുള്ള മലീനികരണം അധികരിക്കുകയും ചെയ്യുമ്പോള്‍ ആഗോള താപനത്തിന്‍റെ തോത് വര്‍ധിക്കുന്നു. ഇതോടെ സൂര്യനില്‍ നിന്നുള്ള താപം നേരിട്ട് ഭൂമിയിലേക്ക് അധികമായി പതിക്കുന്നു. അങ്ങനെ തുടര്‍ച്ചയായുണ്ടാകുന്ന പ്രക്രിയയിലൂടെ അന്തരീക്ഷ താപനില കുത്തനെ ഉയരാന്‍ കാരണമാകുന്നു.
അന്തരീക്ഷ താപനില ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പസഫിക്ക് സമുദ്രത്തില്‍ എല്‍ നിനോ പ്രതിഭാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജൂണ്‍, ജൂലൈ മാസങ്ങളില്‍ അത് അധികരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഇത്തവണ എല്‍ നിനോ സംഭവിക്കുകയാണെങ്കില്‍ അത് 2016ന് ശേഷമുള്ള എല്‍ നിനോ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് 2024 ല്‍ താപനില കുത്തനെ ഉയരാനിടയുണ്ട്.
കാലാവസ്ഥയില്‍ ഇത്തരം ഗുരുതരാവസ്ഥ വരാനിരിക്കുന്ന സാഹചര്യത്തില്‍ ഉയരുന്ന ചോദ്യങ്ങളിലൊന്നാണ് പാരീസ് ഉടമ്പടി പരാജയപ്പെട്ടുവോയെന്നത്? ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും പാരീസ് ഉടമ്പടിയില്‍ ഒപ്പ് വച്ചതാണ്. എന്നാല്‍ ഇതിനിടയില്‍ യുഎസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയിരുന്നു. യുഎസിന്‍റെ പെട്ടെന്നുള്ള പിന്മാറ്റത്തില്‍ ലോകമെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷകര്‍ ഏറെ ആശങ്കയിലായിരുന്നു.
എന്താണ് പാരീസ് ഉടമ്പടി? ലോകത്തുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമത്തിന്‍റെ ഫലമാണ് പാരീസ് ഉടമ്പടി എന്ന് പറയാം. ലോകത്ത് കുതിച്ചുയരുന്ന ആഗോള താപന നിരക്ക് 2050ഓടെ കുറക്കുകയെന്നതാണ് ഉടമ്പടിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ആഗോള താപവര്‍ധന നില 2 ഡിഗ്രി സെല്‍ഷ്യസിനും താഴെയാക്കുകയെന്നതാണ് ഉടമ്പടി.
ഹരിത ഗൃഹ വാതകത്തിന്‍റെ വ്യാപനം വേഗത്തിലാക്കുക, അന്തരീക്ഷ താപനില 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുക, താപനില കുറയ്‌ക്കാനായി ലോക രാജ്യങ്ങളില്‍ സ്വീകരിക്കുന്ന നടപടികളുടെ പുരോഗമന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക എന്നിവയായിരുന്നു പാരീസ് ഉടമ്പടിയുടെ നിര്‍ദേശങ്ങള്‍. പാരീസിലുണ്ടായ യുഎന്‍ കാലാവസ്ഥ ഉച്ചകോടിയാണ് ഇത് സംബന്ധിച്ച കരാറിന് ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്.
എന്താണ് എല്‍ നിനോ പ്രതിഭാസം: പസഫിക് സമുദ്രത്തിലുണ്ടാകുന്ന ഒരു അസാധാരണ പ്രതിഭാസമാണ് എല്‍ നിനോ എന്നത്. സാധാരണ കാലാവസ്ഥയില്‍ പസഫിക് സമുദ്രത്തിലെ സാധാരണ കാലാവസ്ഥയില്‍ ഭൂമധ്യ രേഖയിലൂടെ വീശുന്ന കാറ്റ് ദുര്‍ബലമാകും. അതുകൊണ്ട് ചൂട് കൂടിയ സമുദ്ര ജലം കിഴക്കോട്ട് ഒഴുകും. അതോടെ സമുദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്നുള്ള ജലം മുകളിലേക്ക് വരികയും ചെയ്യും. ഈ പ്രക്രിയയാണ് എല്‍ നിനോ എന്നത്. ഇത്തരത്തില്‍ എല്‍ നിനോ സംഭവിക്കുന്ന വര്‍ഷത്തില്‍ താരതമ്യേന മഴ കുറവായിരിക്കും.