സമാനമായ താല്‍പ്പര്യങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ ഒരുമിപ്പിക്കാന്‍ സാധിക്കുന്ന 'കമ്മ്യൂണിറ്റി' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാക്കുക തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചെറിയ ഗ്രൂപ്പുകള്‍ക്കായിരിക്കും. സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുമായി ബന്ധപ്പെട്ട പൊതു പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് കമ്മ്യൂണിറ്റീസ് എന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
സമാനമായ സ്വഭാവമുള്ള ഗ്രൂപ്പുകളെ ചേര്‍ത്തുകൊണ്ട് വാട്‌സ്ആപ്പ് ഉപയോക്‌താക്കള്‍ക്ക് ഒരു 'കമ്മ്യൂണിറ്റി' ഉണ്ടാക്കാം. അങ്ങനെ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളുടെ അഡ്‌മിന്‍മാര്‍ക്ക് ആ കമ്മ്യൂണിറ്റിയില്‍പ്പെട്ട എല്ലാ ഗ്രൂപ്പുകളിലേക്കും ഒരേ സമയം സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. അങ്ങനെ ഒരോ ഗ്രൂപ്പിന്‍റേയും ഉള്ളില്‍ നടക്കുന്ന സംവാദങ്ങള്‍ തുടരുന്നതോടൊപ്പം ഗ്രൂപ്പുകള്‍ക്ക് മൊത്തമായി താത്പര്യമുള്ള വിഷയങ്ങള്‍ അറിയാനും സാധിക്കുന്നു. കമ്മ്യൂണിറ്റീസിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ചെയ്‌തതാണ് (മൂന്നാമതൊരാള്‍ക്ക് സ്വീകരിക്കാന്‍ പറ്റാത്ത സന്ദേശമയക്കല്‍ സംവിധാനം).