ന്യൂഡല്‍ഹി : ഏറെ ജനപ്രീതി നേടിയ ഇന്‍സ്റ്റന്‍റ് മെസേജിങ് പ്ലാറ്റ്‌ഫോം ആണ് വാട്‌സ്‌ആപ്പ്. ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ പുറത്തിറക്കി ഉപയോക്താക്കളെ ഞെട്ടിക്കാറുണ്ട് കമ്പനി. ഏറ്റവും ഒടുവിലായി, സ്‌പാം കോള്‍ അടക്കമുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി എഐ, മെഷീന്‍ ലേണിങ് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ പുതിയൊരു ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ്. സ്‌ത്രീകളെ അവരുടെ പ്രശ്‌നങ്ങളില്‍ ശബ്‌ദമുയര്‍ത്താനും പരസ്‌പരം പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു സ്വകാര്യ സന്ദേശമയയ്‌ക്കല്‍ ഫീച്ചറാണ് വാട്‌സ്‌ആപ്പ് പുറത്തിറക്കിയത്. ഡൽഹിയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വിശ്രമമുറികളിലെ പ്രത്യേക കണ്ണാടികളിൽ സന്ദേശങ്ങൾ ദൃശ്യമാവുകയും പിന്നീട് തുമ്പൊന്നും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാവുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചര്‍. ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായി കൈകോര്‍ത്താണ് വാട്‌സ്‌ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
'ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതിന് സുരക്ഷിതമായ ഒരിടം നല്‍കുന്നതിന്‍റെ ഭാഗമായി വാട്‌ആപ്പിന്‍റെ ബില്‍റ്റ് ഇന്‍ ലെയര്‍ പ്രൊട്ടക്ഷനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പുതിയ രണ്ട് പ്രൈവസി ഫസ്റ്റ് ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്‍റെ ത്രില്ലിലാണ് ഞങ്ങള്‍' - മെറ്റ ഇന്ത്യ വൈസ് പ്രസിഡന്‍റ് സന്ധ്യ ദേവനാഥൻ പ്രസ്‌താവനയിൽ പറഞ്ഞു.
'മിറർ ചെയ്‌ത സന്ദേശങ്ങളുടെ പരമ്പരയിലൂടെ, അവശ്യ ഘട്ടങ്ങളില്‍ ഒരു സുഹൃത്തിനെയോ പ്രിയപ്പെട്ട ഒരാളെയോ ബന്ധപ്പെടേണ്ട പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ പ്രചരിപ്പിക്കുകയും പരസ്‌പരം സംസാരിക്കാനും പിന്തുണയ്ക്കാനും സ്‌ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു' - സന്ധ്യ ദേവനാഥൻ കൂട്ടിച്ചേര്‍ത്തു.