വാഷിങ്‌ടണ്‍: വീഡിയോ കോളില്‍ പുതിയ ഫീച്ചർ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്‌ആപ്പ്. ഗ്രൂപ്പ് കോളിനിടെ മറ്റുള്ളവരെ മ്യൂട്ട് ചെയ്യാനും വ്യക്തിഗത സന്ദേശമയയ്ക്കാനുമുള്ള സൗകര്യമാണ് പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തുക. വാട്‌സ്‌ആപ്പ് മേധാവി വില്‍ കാത്ത്കര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.
ദ് വെർജിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, മ്യൂട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും ഒരേ മുറിയില്‍ ഇരുന്ന് ഗ്രൂപ്പ് കോള്‍ ചെയ്യുന്നവര്‍ക്കും ഗുണകരമായ ഫീച്ചറാണിത്. ഒരു ഗ്രൂപ്പ് കോളിൽ ആയിരിക്കുമ്പോൾ വ്യക്തിഗത സന്ദേശമയയ്ക്കാനും പുതിയ ഫീച്ചറില്‍ സൗകര്യമുണ്ടാകും. ഗ്രൂപ്പ് കോള്‍ ആരംഭിച്ചതിന് ശേഷം പിന്നീട് ആരെങ്കിലും ചേരുമ്പോള്‍ അത് സംബന്ധിച്ചുള്ള നോട്ടിഫിക്കേഷന്‍ എല്ലാവര്‍ക്കും ലഭിക്കുമെന്നും ദ് വെര്‍ജ് റിപ്പോർട്ട് ചെയ്യുന്നു.
സൂം, മൈക്രോസോഫ്റ്റ് ടീംസ് പോലെയുള്ള വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങളില്‍ അഡ്‌മിന് മാത്രമാണ് ഗ്രൂപ്പ് കോളിലുള്ള മറ്റുള്ളവരെ മ്യൂട്ട് ചെയ്യാന്‍ സാധിക്കുക. വീഡിയോ കോളുകളിൽ എട്ടിലധികം പേരോ ഓഡിയോ കോളില്‍ 32 പേരോ ഉള്ളപ്പോള്‍ ഈ ഫീച്ചർ വളരെയധികം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. എന്നാല്‍ പുതിയ ഫീച്ചർ എന്ന് മുതലാണ് വാട്‌സ്‌ആപ്പില്‍ ലഭ്യമായി തുടങ്ങുക എന്ന കാര്യം വ്യക്തമല്ല.
നേരത്തെ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം, സ്റ്റാറ്റസ് അപ്പഡേറ്റ്സ്, മറ്റ് വിവരങ്ങള്‍ എന്നിവ ആരൊക്കെ കാണുന്നുവെന്നത് ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത ആരിൽ നിന്ന് വേണമെങ്കിലും നിങ്ങളുടെ വിവരങ്ങള്‍ മറച്ചുവയ്‌ക്കാൻ ഈ ഫീച്ചര്‍ സഹായിക്കും. ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് പുറത്തുനിന്നുള്ളവരിൽ നിന്ന് ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഡിഫോള്‍ട്ടായി മറച്ചുവയ്‌ക്കുന്ന ഫീച്ചര്‍ കമ്പനി കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.