വാട്‌സ്ആപ്പിന് ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് പേമെന്‍റ് സേവനം നല്‍കാന്‍ അനുവാദം. പത്ത് കോടിയാളുകള്‍ക്ക് പേയ്‌മെന്‍റ് സേവനം നല്‍കാന്‍ എന്‍പിസിഐ (National Payments Corporation of India ) അനുമതി നല്‍കി. നിലവില്‍ ഇന്ത്യയില്‍ നാല് കോടി ഉപഭോക്താക്കള്‍ക്ക് പേമെന്‍റ് ഇടപാടിനാണ് വാട്‌സ്ആപ്പിന് അനുമതിയുള്ളത്.
തങ്ങളുടെ മുഴുവന്‍ ഉപയോക്‌താക്കള്‍ക്കും പേമെന്‍റ് സേവനം ലഭ്യമാക്കാന്‍ അനുവദിക്കണമെന്നായിരുന്നു എന്‍പിസിഐയോട് വാട്‌സ്ആപ്പ് ആവശ്യപ്പെട്ടിരുന്നത്. 50 കോടിയിലധികം ഉപഭോക്‌താക്കളാണ് വാട്‌സ്ആപ്പിന് ഇന്ത്യയില്‍ ഉള്ളത്. വാട്‌സ്ആപ്പില്‍ എല്ലാവര്‍ക്കും പണമയക്കാനുള്ള സൗകര്യം ഉണ്ടാകുകയാണെങ്കില്‍ അത് രാജ്യത്തെ നിലവിലെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കുമെന്ന ആശങ്കയാണ് എന്‍പിസിഐ അധികൃതര്‍ക്ക് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യക്തികള്‍ തമ്മിലുള്ള പണമയക്കല്‍ വാട്‌സ്ആപ്പ് പേമെന്‍റ് സര്‍വീസില്‍ സൗജന്യമാണ്. വ്യാപരസ്ഥാപനങ്ങളുടെ പണമയക്കലിന് 3.99 ശതമാനം പ്രൊസസിങ് ഫീസ് ഈടാക്കും. റീഫണ്ട്, സാങ്കേതിക സഹായം തുടങ്ങിയ സൗകര്യങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ലഭ്യമാണ്. പേമെന്‍റ് സേവനം ആരംഭിക്കാന്‍ 2020ലാണ് വാട്‌സ്ആപ്പിന് എന്‍പിസിഐ അനുമതി നല്‍കുന്നത്.