ന്യൂഡല്‍ഹി:സ്വകാര്യത പോളിസിയില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി വാട്‌സ് ആപ്പ്. മാറ്റങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ സ്വകാര്യത നയങ്ങള്‍ അടുത്തിടെ പുതുക്കിയിരുന്നു. എന്നാല്‍ ഇതില്‍ ന്യൂനതകള്‍ പരിഹരിക്കാനാണ് പുതിയ മാറ്റങ്ങളെന്നാണ് ലഭിക്കുന്ന വിശദീകരണം.
അടുത്തിടെ നടത്തിയ മാറ്റങ്ങളുടെ ഭാഗമായി ഒരു തവണ തുറന്നാല്‍ പിന്നീട് കാണാന്‍ കഴിയാത്ത രീതിയില്‍ മെസേജ് അയക്കാനുള്ള സംവിധാനം കമ്പനി ഒരുക്കിയിരുന്നു. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയും എന്നത് വലിയ ന്യൂനതയായി മാറി. ഇതോടെയാണ് ഇത്തരം മെസേജുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കമ്പനി പുതിയ പദ്ധതി ഒരുക്കിയത്.
എങ്കിലും എന്ന് മുതല്‍ ഇത് ലഭ്യമാകുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ആരുമറിയാതെ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാനാകും എന്നതാണ് പുതിയ പ്രത്യേകത. നിലവില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലീവ് ചെയ്യുമ്പോള്‍ എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അത് അറിയാന്‍ സാധിക്കും. എന്നാല്‍ ഇനിമുതല്‍ ആരുമറിയാതെ തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയും. എന്നാല്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഇത് അറിയാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം തന്നെ ഉപയോക്താക്കള്‍ക്ക് സവിശേഷത ലഭ്യമാകും.