ന്യൂഡല്‍ഹി: ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായി ജനുവരി മാസത്തില്‍ ഇന്ത്യയിലെ 29 ലക്ഷം ഉപയോക്താക്കളെ നിരോധിച്ചതായി മെറ്റയുടെ കീഴിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. 2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ട് വാട്‌സ്ആപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ലെ ഐടി നിയമത്തിന് കീഴില്‍ എല്ലാ മാസവും വാട്‌സ്‌ആപ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്.
'ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികള്‍, അതില്‍ കമ്പനി സ്വീകരിച്ച നടപടികള്‍, പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകുന്ന ദുരുപയോഗങ്ങള്‍ തടയാനുള്ള വാട്‌സ്ആപ്പിന്‍റെ പ്രതിരോധ നടപടികള്‍ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട ഉപയോക്തൃ സുരക്ഷ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ജനുവരിയില്‍ വാട്‌സ്ആപ്പ് 2.9 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നു', കമ്പനി വക്താവ് പറഞ്ഞു.
മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കളെ സുരക്ഷിതരായി നിലനിര്‍ത്താന്‍ കമ്പനി വര്‍ഷങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, അത്യാധുനിക സാങ്കേതിക വിദ്യ, ഡാറ്റ സയന്‍റിസ്റ്റുകള്‍ എന്നിവയുടെ സഹായം തേടുന്നതായി വാട്‌സ്‌ആപ്പ് വ്യക്തമാക്കി. ജനുവരി ഒന്ന് മുതല്‍ 31 വരെ ഇന്ത്യയില്‍ നിന്ന് 1,461 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 195 പരാതികലില്‍ നടിപടി എടുത്തതായി കമ്പനി അറിയിച്ചു.