പന്നിയുടെ ഹൃദയം സ്വീകരിച്ചയാളും ഏതാനും ദിവസത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ മരണവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇദ്ദേഹം മരിച്ചതെന്ന് കണ്ടെത്താൻ ശാസ്‌ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് മരണകാരണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഗവേഷകർ.
മൃഗ വൈറസിന്‍റെ കണ്ടെത്തൽ; ട്രാൻസ്‌പ്ലാന്‍റേഷന് വിധേയമാക്കിയ പന്നിയുടെ ഹൃദയത്തിനുള്ളിൽ ഒരു പ്രത്യേക തരം മൃഗ വൈറസ് ഉണ്ടെന്ന് കണ്ടെത്തിയതായി മേരിലാൻഡ് സർവകലാശാലയിലെ ഗവേഷകർ അറിയിച്ചു. എന്നാൽ ഈ വൈറസിന് ഇയാളുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താനായിട്ടില്ല.
പ്രതീക്ഷകൾ വിഫലമായ ശസ്‌ത്രക്രിയ; ലോകത്ത് ആദ്യമായാണ് ജനതികമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഒരു മനുഷ്യൻ സ്വീകരിക്കുന്നത്. അമേരിക്കന്‍ പൗരനായ ഡേവിഡ് ബെന്നറ്റാണ് (57) മെരിലാൻഡ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററില്‍ വെച്ച് ശസ്‌ത്രക്രിയയിലൂടെ പന്നിയുടെ ഹൃദയം സ്വീകരിച്ചത്. എന്നാൽ ശസ്‌ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം (10.03.2022) ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആശങ്കകൾ; മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിലേക്ക് ട്രാൻസ്പ്ലാന്‍റേഷന് വിധേയമാക്കുമ്പോഴുള്ള പ്രധാന ആശങ്ക ഇത് ആളുകളിൽ പുതിയ തരത്തിലുള്ള അണുബാധകൾക്ക് കാരണമാകുമോ എന്നുള്ളതാണ്. ചില വൈറസുകൾ പ്രകടമല്ലാത്തതും രോഗങ്ങൾക്ക് കാരണമാകാത്തവയുമാണെന്ന് ബെന്നറ്റിന്‍റെ ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയ സർജൻ ഡോ.ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. എന്നിരുന്നാലും, ശ്രദ്ധയിൽപ്പെടാത്ത വൈറസുകൾ ഇനിയും ഉണ്ടോ എന്ന സംശയം സാധൂകരിക്കാൻ കൂടുതൽ സങ്കീർണ്ണമായ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് സർവകലാശാലയുടെ സെനോട്രാൻസ്പ്ലാന്‍റ് പ്രോഗ്രാമിന്‍റെ സയന്‍റിഫിക് ഡയറക്‌ടർ ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ കൂട്ടിച്ചേർത്തു.