തിരുവനന്തപുരം:രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ചന്ദ്രയാന്‍-3 യുടെ (Chandrayaan-3) വിക്ഷേപണത്തിന് കാത്തിരിക്കുന്നത്. ഐഎസ്‌ആര്‍ഒയുടെ (ISRO) ചാന്ദ്രദൗത്യത്തിന്‍റെ മൂന്നാം പതിപ്പിന്‍റെ വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങളും നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 13ന് ഉച്ചയ്‌ക്ക് 2.30ന് ആണ് ചന്ദ്രയാന്‍ 3-യുടെ വിക്ഷേപണം. ഇപ്പോള്‍, ഇതിന് മുന്‍പ് മറ്റൊരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ (എസ്‌ഡിഎസ്‌സി) ലോഞ്ച്പാഡ്. ഒരു പുസ്‌തകം പ്രകാശനം ചെയ്‌താണ് ഇവിടം വീണ്ടും ചരിത്രത്താളുകളില്‍ ഇടം പിടിക്കാനൊരുങ്ങുന്നത്.
ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ വിനോദ് മങ്കര (Vinod Mankara) രചിച്ച 'പ്രിസം: ദി ആൻസെസ്ട്രൽ അബോഡ് ഓഫ് റെയിൻബോ' (Prism: The Ancestral Abode of Rainbow) എന്ന പുസ്‌തകമാണ് ചന്ദ്രയാന്‍ വിക്ഷേപണത്തിന് മുന്‍പ് ശ്രീഹരിക്കോട്ടയില്‍ വച്ച് പ്രകാശനം ചെയ്യുന്നത്. ശാസ്ത്ര ലേഖനങ്ങളുടെ ഒരു ശേഖരമാണ് ഈ പുസ്‌തകം. ജൂലൈ 12ന് രാത്രിയിലാണ് പുസ്‌തക പ്രകാശനം നടക്കുന്നത്.
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വിക്രം സാരാഭായ് സ്‌പേസ് സെന്‍റര്‍ (VSSC) ഡയറക്‌ടർ എസ് ഉണ്ണികൃഷ്ണൻ നായർക്ക് പുസ്‌തകത്തിന്‍റെ ആദ്യ പ്രതി നല്‍കുമെന്ന് രചയിതാവ് വിനോദ് മങ്കര അറിയിച്ചു. വിനോദ് മങ്കരയുടെ ഒന്‍പതാമത്തെ പുസ്‌തകമാണിത്. വേറിട്ട രീതിയില്‍ തന്‍റെ പുസ്‌തകം പ്രകാശനം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
'ഞാന്‍ ഇതുവരെ എട്ട് പുസ്‌തകങ്ങളും ദിനപത്രങ്ങളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് നൂറുകണക്കിന് ലേഖനങ്ങളും ആനുകാലികങ്ങളും എഴുതിയിട്ടുണ്ട്. എന്നാല്‍, എന്‍റെ ഒന്‍പതാമത്തെ പുസ്‌തകം അത് പൂര്‍ണമായും ശാസ്‌ത്രത്തെ കുറിച്ചുള്ളതാണ്. അതിന്‍റെ പ്രകാശനം ചന്ദ്രയാന്‍ 3യുടെ വിക്ഷേപണം നടക്കുന്ന ലോഞ്ച്പാഡില്‍ വച്ച് നടത്താന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്', വിനോദ് മങ്കര അഭിപ്രായപ്പെട്ടു.