ഹൈദരാബാദ് :പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിന്‍റെ ചിത്രം പകര്‍ത്തിയതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി (ISRO) (Vikram Lander Image Taken by Pragyan Rover). ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ എക്‌സില്‍ പങ്കിട്ടു. റോവറിലെ നാവിഗേഷന്‍ ക്യാമറയാണ് ചിത്രം പകര്‍ത്തിയതെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.
'ദയവായി പുഞ്ചിരിക്കൂ...! ഇന്ന് രാവിലെ പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിന്‍റെ ഒരു ചിത്രം ക്ലിക്ക് ചെയ്‌തു. റോവറിലെ നാവിഗേഷന്‍ ക്യാമറ (NavCam) ആണ് ദൗത്യത്തിന്‍റെ ചിത്രം പകര്‍ത്തിയത്. ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറി (LEOS) ആണ് ചന്ദ്രയാന്‍ 3 ദൗത്യത്തിനായുള്ള നാവിഗേഷന്‍ ക്യാമറകള്‍ വികസിപ്പിച്ചെടുത്തത്' - വിക്രം ലാന്‍ഡറിന്‍റെ ചിത്രം പങ്കിട്ടുകൊണ്ട് ഐഎസ്‌ആര്‍ഒ എക്‌സില്‍ കുറിച്ചു.
അതേസമയം കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 27) സഞ്ചാരപാതയിലെ ഗര്‍ത്തം തിരിച്ചറിഞ്ഞ് പ്രഗ്യാന്‍ റോവര്‍ സഞ്ചാര പാത മാറ്റിയിരുന്നു. സഞ്ചാരത്തിനായി മറ്റൊരു പാത തെരഞ്ഞെടുത്ത് പ്രഗ്യാന്‍ റോവര്‍ സഞ്ചാരം തുടരുകയാണെന്ന് ഐഎസ്‌ആര്‍ഒ പുറത്തുവിടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഐഎസ്‌ആര്‍ഒ പുറത്തുവിട്ടിരുന്നു.
സഞ്ചാര പാതയില്‍ മൂന്ന് മീറ്റര്‍ മുന്നിലായാണ് നാല് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം പ്രഗ്യാന്‍ കണ്ടെത്തിയത്. ഉടന്‍ സഞ്ചാര പഥം മാറ്റാന്‍ റോവറിന് ഐഎസ്‌ആര്‍ഒ നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെയാണ് സുരക്ഷിതമായ പാദ തെരഞ്ഞെടുത്ത് പ്രഗ്യാന്‍ റോവര്‍ യാത്ര തുടര്‍ന്നത്.
ചന്ദ്രയാന്‍ 3യുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നേരത്തെ ഓഗസ്റ്റ് 26നും ഐഎസ്‌ആര്‍ഒ പങ്കുവച്ചിരുന്നു. ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയിന്‍റ് പരിസരം നിരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഐഎസ്‌ആര്‍ഒ പുറത്തുവിട്ടത്.
ഓഗസ്റ്റ് 23നായിരുന്നു രാജ്യത്തിന്‍റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ തൊട്ടത്. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ചാന്ദ്ര ദൗത്യം വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. നേരത്തെ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ദൗത്യം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചത്.
ചന്ദ്രയാന്‍ 2 ന്‍റെ പരാജയമാണ് ചന്ദ്രയാന്‍ 3 പദ്ധതിയിലേക്ക് ഐഎസ്‌ആര്‍ഒയെ നയിച്ചത്. ചന്ദ്രയാന്‍ 2നെ പരാജയത്തിലേക്ക് നയിച്ച കാര്യങ്ങള്‍ പരിഹരിച്ച്, ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് വൈകിട്ട് 6.04ഓടെ ചന്ദ്രനെ തൊട്ട ചന്ദ്രയാന്‍ 3ന്‍റെ സോഫ്റ്റ് ലാന്‍ഡിങ് ഐഎസ്‌ആര്‍ഒ തത്സമയം സംപ്രേഷണം ചെയ്‌തിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ തത്സമയ സംപ്രേഷണം വീക്ഷിച്ചു.
വിവിധ രാജ്യങ്ങളിലെ നേതാക്കള്‍, മറ്റ് രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ തുടങ്ങിയവര്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തു വന്നിരുന്നു. സോഫ്‌റ്റ് ലാന്‍ഡിങ് ദിവസം ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലെ ജോഹന്നെസ്ബര്‍ഗില്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ എത്തിയാണ് സോഫ്‌റ്റ് ലാന്‍ഡിങ് വീക്ഷിച്ചത്. 'നാം ഭൂമിയില്‍ കണ്ടു, ചന്ദ്രനില്‍ നേടി' എന്നായിരുന്നു പ്രധാനമന്ത്രി അന്ന് പ്രതികരിച്ചത്.