മീററ്റ് :ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശ്രുതി സിങ്ങിന് ഇത് സ്വപ്‌ന സാഫല്യമാണ്. ബസ് ഡ്രൈവറുടെ മകള്‍ക്ക് കൈവന്നിരിക്കുന്നത് ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധ വിമാനങ്ങള്‍ പറത്താനുള്ള നിയോഗം. രാജ്യത്തൊന്നാകെ നടന്ന പൊതു പരീക്ഷയില്‍ മിന്നും വിജയം കൈവരിച്ചാണ് ശ്രുതി സിങ് ഈ നേട്ടത്തിന് ഉടമയായത് (UP bus driver's daughter selected as IAF Flying Officer).
ഇന്ത്യന്‍ വ്യോമ സേനയിലേക്ക് നടത്തിയ ഈ വര്‍ഷത്തെ എയര്‍ഫോഴ്‌സ് കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റില്‍ ശ്രുതിക്കാണ് രണ്ടാം റാങ്ക്. 2024 ജനുവരിയില്‍ ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ ശ്രുതി പരിശീലനം ആരംഭിക്കും. ഉത്തര്‍പ്രദേശ് റോഡ് വേയ്‌സ് കോര്‍പറേഷനില്‍ ഡ്രൈവറായ കെ.പി സിങ്ങിന്‍റേയും സുനിതയുടേയും മകളായ ശ്രുതി സിങ് മീററ്റിലെ പല്ലവപുരത്താണ് താമസം (Indian Air Force Academy Hyderabad).
ചെറുപ്പം തൊട്ട് മകള്‍ കണ്ട സ്വപ്‌നമാണ് പൂവണിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. മനസ്സിലുറപ്പിച്ച സ്വപ്‌ന സാക്ഷാത്കാരത്തിന് ഉറച്ച കാല്‍വയ്‌പ്പോടെ പ്രയത്നിച്ച് നേടിയതാണ് ഈ രണ്ടാം റാങ്കും എയര്‍ഫോഴ്‌സ് അക്കാദമിയിലെ പഠനവും. എയര്‍ഫോഴ്‌സ് പൈലറ്റാവുകയെന്ന മോഹവുമായി ഒരിക്കലും മുടക്കാത്ത പഠനം തുടരുന്നതിനിടെ കോച്ചിങ് ക്ലാസിലും ശ്രുതി പോയിരുന്നു (Air Force Common Admission Test).