ഹൈദരാബാദ് : ഇലക്‌ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ പ്ലാന്‍റ് സന്ദര്‍ശിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. കാലിഫോര്‍ണിയ-ഫ്രീമോണ്ടിലെ പ്ലാന്‍റിലാണ് മന്ത്രി ഇന്ന് (നവംബര്‍ 14) സന്ദര്‍ശനം നടത്തിയത്. പ്ലാന്‍റ് സന്ദര്‍ശിച്ച വിവരം മന്ത്രി പിയൂഷ് ഗോയല്‍ തന്നെയാണ് എക്‌സിലൂടെ വെളിപ്പെടുത്തിയത് (Tesla plant in California).
'ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും സാമ്പത്തിക വിദഗ്‌ധരും ടെസ്‌ലയിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത് കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടെസ്‌ല കമ്പനിയുടെ അത്ഭുതകരമായ വളര്‍ച്ചയില്‍ ഇന്ത്യക്കാരായ ജീവനക്കാരുടെ സംഭാവന വളരെ വലുതാണ്. വിതരണ ശൃംഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള സ്‌പെയര്‍ പാര്‍ട്‌സുകളുടെ പ്രാധാന്യം വര്‍ധിച്ച് വരികയാണ്. ഇതില്‍ താന്‍ അഭിമാനിക്കുന്നു. ടെസ്‌ല പ്ലാന്‍റിലെ തന്‍റെ സന്ദര്‍ശന വേളയില്‍ മസ്‌കിനെ കാണാനായില്ലെന്നും' ചിത്രങ്ങള്‍ പങ്കിട്ട് മന്ത്രി പിയൂഷ് ഗോയല്‍ എക്‌സില്‍ കുറിച്ചു (Union Minister Piyush Goyal).
ക്ഷമാപണവുമായി മസ്‌ക് : സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രി പിയൂഷ് ഗോയല്‍ എക്‌സില്‍ പങ്കിട്ട കുറിപ്പിന് മറുപടിയുമായി ടെസ്‌ല കമ്പനി ഉടമയായ ഇലോണ്‍ മസ്‌ക് രംഗത്തെത്തി. 'താങ്കള്‍ ടെസ്‌ല സന്ദര്‍ശിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും തമ്മില്‍ കാണാന്‍ കഴിയാത്തതില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഉടന്‍ അതിനുള്ള വഴിയൊരുങ്ങട്ടെയെന്നും' - അദ്ദേഹം കുറിച്ചു (Union Minister Piyush Goyal In Tesla).