വാഷിങ്‌ടൺ:പൊതുജനവിശ്വാസം ലഭിക്കണമെങ്കിൽ ഒരു മൈക്രോബ്ലോഗിങ് സൈറ്റ് രാഷ്‌ട്രീയപരമായി നിഷ്‌പക്ഷമായിരിക്കണമെന്ന് ടെസ്‌ല മേധാവി ഇലോൺ മസ്ക്. ട്വിറ്റർ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു മസ്‌കിന്‍റെ പ്രതികരണം.
'ട്വിറ്റര്‍ പൊതുജനവിശ്വാസം നേടിയെടുക്കും. അത് രാഷ്‌ട്രീയപരമായി നിഷ്‌പക്ഷമായിരിക്കണം. അതിനർഥം തീവ്ര വലതുപക്ഷത്തെയും തീവ്ര ഇടതുപക്ഷത്തെയും ഒരേപോലെ അസ്വസ്ഥമാക്കുക എന്നാണ്', മസ്‌ക് ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്‌ച (ഏപ്രിൽ 25) 44 ബില്യൺ യുഎസ് ഡോളർ എന്ന മോഹവിലയ്ക്കാണ് മസ്‌ക് ട്വിറ്റർ കമ്പനി ഏറ്റെടുത്തത്. ഇടപാടിന്‍റെ നിബന്ധനകൾ പ്രകാരം, ഓഹരി ഉടമകൾക്ക് അവരുടെ ഉടമസ്ഥതയിലുള്ള ട്വിറ്റർ സ്റ്റോക്കിന്‍റെ ഓരോ ഷെയറിനും 54.20 ഡോളർ വീതം പണമായി ലഭിക്കും.
അതേസമയം കമ്പനി ഏറ്റെടുക്കൽ ബഹളങ്ങൾക്കിടയിലും വളരെ ശ്രദ്ധയോടും ഊർജസ്വലതയോടും കൂടെ തങ്ങളുടെ ജോലി തുടരുന്ന ജീവനക്കാരിൽ അഭിമാനിക്കുന്നുവെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ പറഞ്ഞു. ട്വിറ്ററിന്‍റെ നിലവിലെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്ന തരത്തിൽ മുൻ സിഇഒ ജാക്ക് ഡോർസിയും ട്വീറ്റ് ചെയ്‌തിരുന്നു.
ട്വിറ്റർ ആരെങ്കിലും സ്വന്തമാക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യണമെന്നതിൽ താൻ വിശ്വസിക്കുന്നില്ല. ഒരു കമ്പനിയെന്നതിലുപരി, പ്രോട്ടോക്കോൾ തലത്തിൽ പൊതുനന്മയായി മാറണമെന്ന് ആഗ്രഹിക്കുന്നു. അതിന് താൻ വിശ്വസിക്കുന്ന ഏകപരിഹാരം ഇലോൺ ആണ്. അദ്ദേഹത്തിന്‍റെ ദൗത്യത്തിൽ താൻ വിശ്വസിക്കുന്നുവെന്നും ഡോർസി ട്വിറ്ററിൽ കുറിച്ചു.
READ MORE:ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കി: കരാര്‍ ഒപ്പ് വച്ചത് 3.67 ലക്ഷം കോടി രൂപയ്ക്ക്