സാന്‍ ഫ്രാന്‍സിസ്‌കോ :ട്വിറ്ററില്‍ (Twitter) പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് അറിയിച്ച് ഇലോണ്‍ മസ്‌ക് (Elon Musk) രംഗത്തെത്തിയതിന് പിന്നാലെ പരാതിയുമായി ഉപയോക്താക്കള്‍. പ്രതിദിനം വായിക്കാന്‍ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌ക് അറിയിച്ചത്. ഇതിന് പിന്നാലെ പലര്‍ക്കും ട്വിറ്റര്‍ ലഭ്യമാകുന്നില്ലെന്ന് അറിയിച്ച് യൂസര്‍മാര്‍ രംഗത്തെത്തി.
ഇന്നലെ (ജൂലൈ 01) ആയിരുന്നു ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ലഭ്യമാകുന്നില്ലെന്ന വ്യാപക പരാതി ഉയര്‍ന്നത്. ഓൺലൈൻ തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റെക്‌ടറില്‍ (Downdetector) ഇതുമായി ബന്ധപ്പെട്ട് 7500-ല്‍ അധികം പേര്‍ ആദ്യ മണിക്കൂറില്‍ തന്നെ പരാതി രജിസ്റ്റര്‍ ചെയ്‌തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ട്വിറ്റര്‍ഡൗണ്‍ (TwitterDown) ഹാഷ് ടാഗും ട്രെന്‍ഡിങ്ങില്‍ എത്തിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ജൂണ്‍ 30) ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഒരു ദിവസം വായിക്കാന്‍ കഴിയുന്ന ട്വീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയായിരുന്നു പ്രഖ്യാപനം. ഇത് താത്കാലികമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതിയ മാറ്റത്തിലൂടെ ട്വിറ്റര്‍ വെരിഫിക്കേഷനില്ലാത്ത, നേരത്തേ അക്കൗണ്ടുള്ളവര്‍ക്ക് പ്രതിദിനം 600 ട്വീറ്റുകള്‍ മാത്രമേ വായിക്കാന്‍ സാധിക്കൂ. വെരിഫൈഡ് ചെയ്യാത്ത പുതിയ അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് പ്രതിദിനം 300 പോസ്റ്റുകളും വായിക്കാം.
അതേസമയം, വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് ഒരു ദിവസം 6000 ട്വീറ്റുകള്‍ വരെ കാണാന്‍ സാധിക്കും. ഉയര്‍ന്ന തലത്തില്‍ നടക്കുന്ന ഡാറ്റ സ്‌ക്രാപ്പിങും, കൃത്രിമത്വങ്ങളും തടയുന്നതിന്‍റെ ഭാഗമായിട്ടുള്ള മാറ്റങ്ങളാണ് ഇവ. ഒരു വെബ്‌സൈറ്റില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്യുന്ന ഡാറ്റ, മറ്റൊരു പ്രോഗ്രാമിന് വേണ്ടി ഉപയോഗിക്കുന്നതാണ് ഡാറ്റ സ്‌ക്രാപ്പിങ് എന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.
Also Read :'ട്വിറ്റർ ശുദ്ധീകരിക്കുന്നു, ഫോളോവർമാർ കുറയും'; വമ്പൻ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്
താത്കാലികമായിട്ടുള്ള ഈ പരിധി പിന്നീട് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കരിക്കുമ്പോള്‍ വെരിഫൈഡ് യൂസര്‍മാര്‍ക്ക് പ്രതിദിനം 8000 പോസ്റ്റുകളും, വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകളുള്ളവര്‍ക്ക് 800 പോസ്റ്റുകളും കാണാം. പുതിയ ഉപയോക്താക്കള്‍ക്ക് 400 പോസ്റ്റുകളും മാത്രമായിരിക്കും കാണാന്‍ സാധിക്കുക. അതേസമയം, ഈ അപ്‌ഡേഷന്‍ എന്ന് മുതലായിരിക്കും നിലവില്‍ വരികയെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടില്ല.
More Read :Twitter| ട്വിറ്ററില്‍ അക്കൗണ്ടില്ലേ? ഇനി ബ്രൗസ് ചെയ്യാന്‍ കഴിയില്ല; നടപടി താത്‌കാലികമെന്ന് ഇലോണ്‍ മസ്‌ക്
നേരത്തെ, ട്വിറ്ററില്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് ട്വിറ്റര്‍ വെബ് പ്ലാറ്റ്‌ഫോമിലൂടെ ബ്രൗസ് ചെയ്യാന്‍ സാധിക്കില്ലെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു. ട്വീറ്റുകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും അക്കൗണ്ട് എടുക്കണം. ഡാറ്റ സ്‌ക്രാപ്പിങ് പോലെയുള്ള പ്രശ്‌നങ്ങള്‍ സാധാരണ ഉപയോക്താക്കളുടെ സേവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നടപടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.