ന്യൂഡല്‍ഹി:ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകള്‍ ഒഴിയുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ഓഫിസ് നേരത്തെ ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഓഫിസുകള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.
കമ്പനിയുടെ ഏകദേശം 150-ഓളം ജീവനക്കാരാണ് മുംബൈ ബികെസിയിലെ വീ വര്‍ക്ക് ഫെസിലിറ്റിയില്‍ ജോലി ചെയ്യുന്നത്. ഡല്‍ഹി ഖുതുബ് ഏരിയയിലെ ദി എക്‌സിക്യുട്ടീവ് സെന്‍ററില്‍ 80ഓളം ജീവനക്കാരാണുള്ളത്. അതേസമയം ബെംഗളൂരുവിലെ കോവര്‍ക്കിങ് സ്‌പെയിസും ട്വിറ്റര്‍ ഉപേക്ഷിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വന്ന പുതിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ ഈ ആഴ്‌ചയുടെ തുടക്കത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തിന്‍റെ പ്രതിമാസ വാടക നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ സിംഗപ്പൂരിലെ ശേഷിക്കുന്ന ട്വിറ്റര്‍ ജീവനക്കാരോട് ഓഫിസില്‍ വരുന്നത് നിര്‍ത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
ക്യാപിറ്റ്‌ഗ്രീനിലെ ജീവനക്കാരോടും ഓഫിസില്‍ വരുന്നത് നിര്‍ത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി ഇ മെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ കെട്ടിടത്തിന് 136,250 ഡോളര്‍ രൂപയാണ് വാടക നല്‍കേണ്ടത്. എന്നാല്‍ ഈ തുക അടയ്‌ക്കാത്ത സാഹചര്യത്തില്‍ ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.