ലോസ് ഏഞ്ചലസ്: ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മാറ്റങ്ങളുടെ മാസങ്ങളായിരുന്നു പിന്നീട് കണ്ടത്. വിമർശനങ്ങളും കൈയടികളും ഏറ്റുവാങ്ങിക്കൊണ്ട് അടിമുടി അഴിച്ചുപണി നടത്തിക്കൊണ്ടുള്ള മസ്‌കിന്‍റെ നീക്കം വാർത്തകളിൽ ഇടംപിടിച്ചു. തലപ്പത്ത് തന്നെ അഴിച്ചുപണി നടത്തിക്കൊണ്ടായിരുന്നു തുടക്കം. കൂട്ടപ്പിരിച്ചുവിടലും കൂട്ടപ്പിരിഞ്ഞുപോക്കും ഉൾപ്പെടെ സംഭവ ബഹുലമായിരുന്നു കഥ. ഇപ്പോള്‍ പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ.
'ബ്ലൂ ഫോർ ബിസിനസ്'; ബിസിനസ് അക്കൗണ്ടുകൾക്കായി ചതുരാകൃതിയിലുള്ള അധിക ബാഡ്‌ജ് നൽകി ട്വിറ്റർ. ട്വിറ്റർ അതിന്‍റെ 'ബ്ലൂ ഫോർ ബിസിനസ്' സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചു. ഇത് കമ്പനികളെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. ബിസിനസ്സിനായി 'ട്വിറ്റർ ബ്ലൂ' സബ്‌സ്‌ക്രൈബ് ചെയ്യുന്ന ബിസിനസുകൾക്ക് ഒരു ചതുരാകൃതിയിലുള്ള ബാഡ്‌ജും വേരിഫൈഡ് ടിക്ക് മാർക്കും അക്കൗണ്ടുകളിൽ പേരിനടുത്തായി പ്രദർശിപ്പിക്കും.
ട്വിറ്ററിന്‍റെ പ്രൊഡക്റ്റ് മാനേജർ എസ്‌തർ ക്രോഫോർഡ് പുതിയ ചതുരാകൃതിയിലുള്ള ബാഡ്‌ജിന്‍റെ ലോഞ്ച് ചൊവ്വാഴ്‌ച (ഡിസംബർ 20) ട്വിറ്റർ പ്ലാറ്റിഫോമിലൂടെ പ്രഖ്യാപിച്ചു. ബിസിനസ്സിനായുള്ള 'ട്വിറ്റർ ബ്ലൂ' ഞങ്ങൾ ലോഞ്ച് ചെയ്യുന്നു. അതിനാൽ ഇന്ന് (ഡിസംബർ 20) മുതൽ തെരഞ്ഞെടുത്ത പ്രൊഫൈലുകളിൽ കമ്പനി ബാഡ്‌ജുകൾ നിങ്ങൾ കണ്ടുതുടങ്ങും. ഞങ്ങൾ ഉടൻ തന്നെ പ്രോഗ്രാം വിപുലീകരിക്കുകയും പുതുവർഷത്തിൽ കൂടുതൽ ബിസിനസുകൾ കൂട്ടിച്ചേർക്കാൻ കാത്തിരിക്കുകയും ചെയ്യുമെന്ന് എസ്‌തർ ക്രോഫോർഡ് ട്വീറ്ററിൽ കുറിച്ചു.