ന്യൂഡൽഹി:മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്‍റെ സേവനം ഇന്ത്യയില്‍ തടസപ്പെട്ടതായി പരാതി. ട്വിറ്ററില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കളാണ് രംഗത്തെത്തിയത്. ട്വിറ്റര്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'എന്തോ കുഴപ്പം സംഭവിച്ചു, പക്ഷേ വിഷമിക്കേണ്ട - വീണ്ടും ശ്രമിക്കുക' എന്നാണ് കാണിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ട്വിറ്റര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നത് ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏഴ് മണി ആയപ്പോഴേക്കും പ്രശ്‌നം രൂക്ഷമായി. സംഭവത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇലോണ്‍ മസ്‌ക് ഏറ്റെടുത്താല്‍ ട്വിറ്ററില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കമ്പനിയിലെ നിരവധി ജീവക്കാരെ ഇന്ന് പിരിച്ച് വിടാനിരിക്കെയാണ് സാമൂഹിക മാധ്യമത്തിന്‍റെ സേവനം ഇന്ത്യയില്‍ തടസപ്പെട്ടത്. കഴിഞ്ഞ ആഴ്‌ചയാണ് ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്തത്.
ജീവനക്കാരുടെ പിരിച്ച് വിടലിന്‍റെ ഭാഗമായി ട്വിറ്ററിന്‍റെ ഓഫിസുകളെല്ലാം അടച്ചിട്ടു. ജീവനക്കാരോട് ഓഫിസിലേക്ക് വരേണ്ടതില്ലെന്നും കമ്പനിയില്‍ നിന്ന് പിരിച്ച് വിടുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കുമെന്നും കമ്പനി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായത്.
കമ്പനിയിലെ ഏകദേശം 75,000 ജീവനക്കാരെ പുറത്താക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. കമ്പനിയെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മാധ്യമങ്ങളിലോ പങ്കുവയ്ക്കരുതെന്ന കമ്പനി തീരുമാനം തുടരുമെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.