മെസേജിങ് അനുഭവം മികച്ചതാക്കുന്നതിന് പല പുതിയ ഫീച്ചറുകളും അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. പ്രതികരണ സന്ദേശങ്ങളാണ് അതിലൊന്ന്. ഇത് ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പുകളില്‍ പോള്‍ നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിച്ചുവരികയാണ് .
2ജിബി വരെയുള്ള ഫയലുകള്‍ അയക്കാനുള്ള സൗകര്യവും ഉടനെ വാട്‌സ്‌ആപ്പ് ലഭ്യമാക്കിയേക്കും. ഡോക്യുമെന്‍റ് ഷെയര്‍ ചെയ്യുന്നത് മികച്ചതാക്കുന്നതിന് പുതിയ ഇടിഎ ഫീച്ചറും വാട്‌സ്ആപ്പ് പുറത്തിറക്കും. ഈ സൗകര്യം ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും വാട്‌സ്ആപ്പിന്‍റെ ബീറ്റവേര്‍ഷനില്‍ പ്രത്യക്ഷമായി തുടങ്ങി.
ഫയലിന്‍റെ ഡൗണ്‍ലോഡിങ്ങും അപ്പലോഡിങ്ങും പൂര്‍ത്തിയാകുന്നതിന്‍റെ സമയം പുതിയ ഫീച്ചര്‍ പ്രകാരം കാണിക്കും. വലിയ ഫയലുകളും ഡോക്യുമെന്‍റുകളും അയക്കുമ്പോള്‍ ഈ ഫീച്ചര്‍ വളരെ ഉപകാരപ്രദമാണ്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് തുടങ്ങിയ വാട്‌സ്ആപ്പിന്‍റെ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാണ്.
2ജിബിവരെയുള്ള ഫയല്‍ പങ്കുവയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യം വാട്‌സ്ആപ്പിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കുകയാണ്. കാരണം വാട്‌സ്ആപ്പിന് സമാനമായ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമില്‍ ഈ സൗകര്യം ഇപ്പോള്‍തന്നെയുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആപ്പുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്.
2ജിബി വരെയുള്ള ഫയലുകള്‍ അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. എപ്പോഴാണ് ഇത് ഉപഭോക്‌താക്കള്‍ക്കായി ലഭ്യമാക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇപ്പോള്‍ 100എംബി വരെയുള്ള ഫയലാണ് വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുക.
ഫോട്ടോ അപ്പ്ലോഡ് ചെയ്യുമ്പോള്‍ അതിന്‍റെ ക്വാളിറ്റി തെരഞ്ഞെടുക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. മൂന്ന് ഓപ്‌ഷനുകളാണ് ഇതില്‍ ഉണ്ടാകുക: ഓട്ടോ, ബെസ്‌റ്റ് ക്വാളിറ്റി, ഡാറ്റ സേവര്‍. വാട്‌സ്ആപ്പിന്‍റെ ബീറ്റവേര്‍ഷനില്‍ ഈ സൗകര്യം ലഭ്യമാണ്.
ALSO READ:രാജ്യത്ത് വാട്‌സ്ആപ്പില്‍ ഒരുദിവസം ശരാശരി അയക്കപ്പെടുന്നത് 700 കോടി ശബ്‌ദ സന്ദേശങ്ങള്‍