ഹൈദരാബാദ്: രാജ്യത്ത് മൂന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെന്‍റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു (Central Government has decided to set up three Artificial Intelligence Centers of Excellence across the country). ഇതിനായി 990 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിക്കും. രാജ്യത്തെ കൃഷി, സുസ്ഥിര നഗരം, ആരോഗ്യം എന്നീ മേഖലകളിലെ വികസനം ലക്ഷ്യം വച്ചാണ് പുതിയ പദ്ധതി ആരംഭിക്കാനിരിക്കുന്നത്.
2027-28 സാമ്പത്തിക വർഷത്തോടെ പദ്ധതിക്കാവശ്യമായ പണം അനുവദിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കേന്ദ്രങ്ങൾ വരുന്നതോടെ കൃഷി, സുസ്ഥിര നഗരം, ആരോഗ്യം എന്നീ മേഖലകളെ കുറിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) വഴി പഠിച്ച് ഈ മേഖലകളിൽ വികസനം കൈവരിക്കാനാകും എന്നാണ് കരുതുന്നത് (Artificial Intelligence in India).
കേന്ദ്രങ്ങൾ തുടങ്ങുന്നതിന് താത്‌പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൺസോർഷ്യം രൂപീകരിച്ച് അപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തയാറാക്കിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഐഐടി ഹൈദരാബാദും ഓസ്‌മാനിയ യൂണിവേഴ്‌സിറ്റിയും കേന്ദ്രം ആരംഭിക്കാനുള്ള അനുമതിക്കായി മുന്നോട്ട് വരുമെന്നാണ് വിവരം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ബിടെക് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമാണ് ഐഐടി ഹൈദരാബാദ് (IIT Hyderabad).
ഹൈദരാബാദ് ഐഐടിയിൽ മികവിന്‍റെ മൂന്ന് കേന്ദ്രങ്ങളിൽ ഒന്ന് സ്ഥാപിക്കാൻ അനുമതി തേടുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡയറക്‌ടർ ആചാര്യ ബി എസ് മൂർത്തി അറിയിച്ചു. ഇതിനായി കോ-ഓർഡിനേറ്ററെ നിയമിച്ചിട്ടുണ്ട്. ഐഐടിയിൽ 30 വിദഗ്‌ധർ ഉണ്ട്. കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നിവയിൽ ഏത് മേഖലയിലാണ് പഠനങ്ങള്‍ നടത്തേണ്ടത് എന്നതിനെക്കുറിച്ച് പ്രൊഫസർമാരുമായി ചർച്ച നടത്തുകയാണ്. എല്ലാ മേഖലകളുമായി ബന്ധപ്പെട്ട സർക്കാർ, സ്വകാര്യ, സന്നദ്ധ സംഘടനകൾ ഹൈദരാബാദിൽ ഉള്ളതിനാൽ ഇത് ഒരു വലിയ അവസരമായാണ് കാണുന്നതെന്നും ബി എസ് മൂർത്തി പറഞ്ഞു.
കാർഷിക രംഗം: കാലാവസ്ഥ വ്യതിയാനം, മഴ, കൊടുങ്കാറ്റ് തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നതിനും വിളകളിൽ കീടങ്ങൾ വരാനുള്ള സാധ്യത പ്രവചിക്കുന്നതിനും നിർമിതബുദ്ധി ഉപയോഗിക്കുക എന്നതാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കേന്ദ്രങ്ങൾ വരുന്നതോടെ ലക്ഷ്യമിടുന്നത്. ധാന്യങ്ങളുടെ ഉൽപാദനം 10 ശതമാനം വർധിപ്പിക്കുക, കീടങ്ങളെ പ്രതിരോധിച്ച് ഉത്‌പാദന നഷ്‌ടം 12 ശതമാനം കുറയ്ക്കുക, ജല ഉപയോഗം 15 ശതമാനം കുറയ്ക്കുക, വിതരണ ശൃംഖലയെ ശക്തിപ്പെടുത്തി സംഭരണത്തിലും ഗതാഗതത്തിലും 5 ശതമാനം വളർച്ച കൈവരിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
ആരോഗ്യം: സ്ത്രീകളിലെ അയണിന്‍റെയും ഫോളിക് ആസിഡിന്‍റെയും കുറവ് കണ്ടെത്തി ആരോഗ്യകരമായ പ്രസവം 10 ശതമാനം വർധിക്കുക, കുട്ടികളിലെ പോഷകാഹാരക്കുറവ് 12 ശതമാനം കുറയ്‌ക്കുക, മാമോഗ്രാമിലൂടെയോ മറ്റ് പരിശോധനകളിലൂടെയോ സ്‌തനാർബുദം നേരത്തേ കണ്ടെത്തുക എന്നിവയാണ് ആർട്ടിഫിഷ്യൽ കേന്ദ്രങ്ങൾ വരുന്നതിലൂടെ ആരോഗ്യമേഖലയിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങൾ.
സുസ്ഥിര നഗരങ്ങൾ: ചില മേഖലകളിലായി വൈദ്യുതി ഉപയോഗം 15 ശതമാനം കുറയ്‌ക്കുക, വായു, ജല മലിനീകരണം 10 ശതമാനം കുറയ്‌ക്കുക, മാലിന്യ നിർമാർജനം 25 ശതമാനം വർധിപ്പിക്കുക, ഗതാഗത സൗകര്യങ്ങൾ വർധിപ്പിച്ച് യാത്ര സമയം 20 ശതമാനമായി കുറയ്‌ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ വഴിസുസ്ഥിര നഗരങ്ങൾ സൃഷ്‌ടിക്കുക എന്നിവയാണ് ആർട്ടിഫിഷ്യൽ കേന്ദ്രങ്ങൾ വരുന്നതോടെയുള്ള ലക്ഷ്യങ്ങൾ.
Also read: സാമ്പത്തിക വളര്‍ച്ചയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് നിര്‍ണായക പങ്ക് ; ഇന്ത്യയും എഐയിലെ ഭാവിയും