വാഷിങ്ടണ്‍:പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ടെലഗ്രാം മെസെഞ്ചര്‍. ഇനിമുതല്‍ ഫോട്ടോകളും വീഡിയോകളും ആപ്പ് ഉപയോഗിച്ച് തന്നെ എഡിറ്റ് ചെയ്‌ത് അയക്കാന്‍ സാധിക്കും. ഇതിന് വേണ്ട മാറ്റങ്ങളാണ് ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ടെലഗ്രാം കൊണ്ട് വന്നിരിക്കുന്നതെന്ന് അമേരിക്കൻ ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ദി വെർജ് റിപ്പോര്‍ട്ട് ചെയ്‌തു.
പുതിയ അപ്‌ഡേറ്റിലൂടെ ടെലഗ്രാമില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന 'ഇമേജ് എഡിറ്റിങ് ടൂള്‍' ഉപയോഗിച്ച് വീഡിയോകളുടെയും ചിത്രങ്ങളുടെയും ചില ഭാഗങ്ങള്‍ 'ബ്ലര്‍' ചെയ്‌ത് അയക്കാന്‍ സാധിക്കും. ചിത്രത്തിലെയും 'ബ്ലര്‍' ചെയ്യുന്ന ഭാഗത്തെ നിറവും തമ്മില്‍ യോജിപ്പിക്കാന്‍ ഐഡ്രോപ്പ് ടൂള്‍ ഉപയോഗിക്കാമെന്നും ആപ്പ് വ്യക്തമാക്കുന്നു. ബ്ലര്‍ ഓപ്‌ഷന് പുറമെ മറ്റൊരാള്‍ക്ക് അയക്കുന്ന ഫയലുകളില്‍ പുതിയതായി 'ടെകസ്റ്റ്' ഉള്‍പ്പെടുത്താനും സാധിക്കും.
വലിപ്പം (ടെക്‌സ്റ്റ് സൈസ്) , അക്ഷരങ്ങളുടെ രീതി (ഫോണ്ട്), ബാക്ക് ഡ്രോപ്പ് എന്നിവ ഉപയോക്താക്കള്‍ക്ക് ഇഷ്‌ടമനുസരിച്ച് ക്രമീകരിക്കുന്നതിനുള്ള സൗകര്യവും ടെലഗ്രാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫയലുകളില്‍ വ്യത്യസ്‌ത രൂപങ്ങള്‍ ചേര്‍ക്കാനും സാധിക്കും. ഇതിനായി എഡിറ്ററിലെ 'പ്ലസ്' ഐക്കണില്‍ ക്ലിക്ക് ചെയ്‌ത് ചതുരങ്ങള്‍, വൃത്തം, അമ്പടയാളം, ചാറ്റ് ബബിള്‍സ് എന്നിവ വേഗത്തില്‍ ചേര്‍ക്കാനും കഴിയും.
ഒപ്പം സ്‌പോയിലര്‍ എഫക്‌ടയാ 'ഷിമ്മെറിങ് ലെയറും" ടെലഗ്രാം അവതരിപ്പിച്ചു. ഇത് ഉപയോഗിച്ച് അയക്കുന്ന ഫയലുകളുടെ ഉള്ളടക്കം സ്വീകര്‍ത്താവ് അതില്‍ ടാപ്പ് ചെയ്യുന്നത് മറച്ചുവെക്കാന്‍ സാധിക്കും. ഇമേജ് എഡിറ്റിങ് ടൂളിന് പുറമെ സ്റ്റോറേജിലുള്‍പ്പടെ പുതിയ മാറ്റങ്ങള്‍ ടെലഗ്രാം കൊണ്ട് വന്നിട്ടുണ്ട്.
ഇതിലൂടെ നാം തെരഞ്ഞെടുക്കുന്ന സ്വകാര്യ ചാറ്റുകള്‍, ഗ്രൂപ്പ്, ചാനല്‍ എന്നിവയിലെ കാഷെ ഡാറ്റ നിശ്ചിത സമയത്തിനുള്ളില്‍ ഓട്ടോമാറ്റിക്ക് ആയി നീക്കം ചെയ്യാന്‍ സാധിക്കും. കോൺടാക്റ്റുകൾക്കായി പ്രൊഫൈൽ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രമീകരണവും ഒപ്പം പുതിയ അനിമേറ്റഡ് ഇമോജികളും ടെലഗ്രാം പുതിയ അപ്‌ഡേറ്റിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.