ഹൈദരാബാദ്: അഭ്യന്തര, ആഗോള വിപണികള്‍ക്കായി രണ്ടര വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ആപ്പിളിന്‍റെ കരാര്‍ നിര്‍മാണ കമ്പനിയായിരുന്ന വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവര്‍ക്ക് ഐഫോണ്‍ നിര്‍മാണ മേഖലയിലേക്ക് കടന്നുവരാന്‍ അവസരമൊരുങ്ങിയത്.
വെളളിയാഴ്‌ച ചേര്‍ന്ന വിസ്‌ട്രോണ്‍ ഗ്രൂപ്പ് ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നല്‍കാന്‍ അന്തിമ തീരുമാനമായത്. രണ്ടര വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ടാറ്റ ഗ്രൂപ്പ് ആരംഭിക്കുമെന്ന് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ആഗോള ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് കമ്പനികളുടെ വളര്‍ച്ചയ്‌ക്ക് ഐടി ആന്‍ഡ് ഇലക്‌ട്രോണിക്‌സ് മന്ത്രാലയം പൂര്‍ണ പിന്തുണ നല്‍കുന്നു. ഇന്ത്യയെ വിശ്വസ്‌ത ഉത്‌പാദന പങ്കാളിയാക്കാനും ഇന്ത്യയെ ആഗോള ഇലക്‌ട്രോണിക്‌സ് ശക്തിയാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്‌കരിക്കാനും ആഗ്രഹിക്കുന്ന ഇലക്‌ട്രോണിക് ബ്രാന്‍ഡുകളെയും ഞങ്ങള്‍ പിന്തുണയ്‌ക്കുമെന്നും കേന്ദ്രമന്ത്രി എക്‌സില്‍ വ്യക്തമാക്കി.
വിസ്‌ട്രോൺ കോർപ്പറേഷൻ അതിന്‍റെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് 125 മില്യൺ ഡോളറിന്‍റെ ഡീലിനാണ് വിൽക്കുക. (Tata To Manufacture IPhones In India). ബോർഡ് അംഗീകാരത്തെ തുടർന്ന് വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്‌ചറിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 100% ഓഹരി ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കമ്പനി വിൽക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.