21-ാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ലോകത്തെ കാത്തിരിക്കുന്നത് സാമൂഹിക തകർച്ചയായിരിക്കുമെന്ന് 1972ൽ നടത്തിയ ഒരു പഠനത്തിലൂടെ മാസച്യുസെറ്റസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഏതാനും ശാസ്‌ത്രജ്ഞർ ഒരു പ്രവചനം നടത്തിയിരുന്നു.
ലോകമാകെ സാമൂഹിക തകർച്ചയുണ്ടാകും, കുടുംബവും സമൂഹവും സാമൂഹിക സ്ഥാപനങ്ങളും തകരും, സാമ്പത്തിക പുരോഗതി നിലയ്ക്കും, പരിസ്ഥിതി നാശം രൂക്ഷമാകും എന്നിങ്ങനെ ഒരു പറ്റം പ്രശ്‌നങ്ങളാണ് മനുഷ്യനെ 21-ാം നൂറ്റാണ്ടിൽ കാത്തിരിക്കുന്നത് എന്നായിരുന്നു ആ ശാസ്‌ത്ര സംഘത്തിന്‍റെ പ്രവചനം.
അന്ന് ഏറെ വിമർശനങ്ങൾക്ക് ഈ പ്രവചനം വഴിവച്ചിരുന്നെങ്കിലും അന്നത്തെ പ്രവചനം ശരിയായിരുന്നു എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. യേൽ ജർണൽ ഓഫ് ഇന്‍റസ്ട്രിയൽ ഇക്കോളജിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനമാണ് 1972ലെ പ്രവചനങ്ങൾക്ക് അനുസരിച്ചാണ് ഇന്നത്തെ ലോകത്തിന്‍റെ പോക്കെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പ്രവചനങ്ങൾ കിറുകൃത്യം
ശാസ്‌ത്ര സംഘത്തിന്‍റെ പ്രവചനങ്ങൾ സത്യമായാൽ ലോകത്തെ വ്യവസായ വിപ്ലവം 2040ഓടെ അവസാനിക്കുമെന്ന് പറയാം. 1973ലെ പഴയ പഠനത്തിൽ 2021ൽ ലോകം എത്തരത്തിലായിരിക്കുമെന്ന് പ്രതിപാതിക്കുന്ന നിരീക്ഷണങ്ങൾ പോലും കിറുകൃത്യമാണ്. അതുകൊണ്ട് തന്നെ ലോകം സാമൂഹിക തകർച്ചയിലേക്കുള്ള കുതിപ്പ് കൃത്യമായി തുടരുകയാണെന്ന് നമുക്ക് പറയാം.
21-ാം നൂറ്റാണ്ടിന്‍റെ പകുതിയോടെ ലോകം സാമൂഹിക തകർച്ച നേരിടുമെന്നായിരുന്നു 1972ലെ പ്രവചനമെങ്കിൽ ലോകത്തിന്‍റെ ഇന്നത്തെ പോക്ക് അനുസരിച്ച് പത്ത് വർഷങ്ങൾക്ക് മുമ്പ് 2040ഓടെ ലോകത്ത് മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
സാമൂഹിക തകർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവിത നിലവാരത്തിലെ തകർച്ചയും ഭക്ഷ്യോത്പാദന, വ്യാവസായിക ഉത്പാദന തകർച്ച എന്നിവ മാത്രമല്ല. ലോകത്തെ ജനസംഖ്യയിലും ഗണ്യമായ കുറവ് വരുമെന്നാണ് പഠനം കാണിക്കുന്നത്.