ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്‍റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ആയിരക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ക്ക് ട്വിറ്ററില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമാണെന്ന് വെബ്‌സൈറ്റ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ ഡിറ്റക്‌ടറും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 8,700 ഉപയോക്താക്കളാണ് ട്വിറ്ററിന്‍റെ സേവനം ലഭ്യമല്ലെന്ന് പരാതിപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കളില്‍ മൊബൈല്‍, ഡെസ്‌ക് ടോപ്പ് യൂസേഴ്‌സ് ഉള്‍പ്പെടുന്നു. ട്വിറ്ററില്‍ സൈന്‍ ഇന്‍ ചെയ്യാനോ നോട്ടിഫിക്കേഷനുകള്‍ നോക്കാനോ ഉപയോക്താക്കള്‍ക്ക് സാധിച്ചിരുന്നില്ല.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള രണ്ടാമത്തെ സംഭവമാണിത്. ട്വിറ്ററിന്‍റെ സെര്‍വറുകളുടെ ശേഷി കവിഞ്ഞതോടെയാണ് നിലവിലെ പ്രശ്‌നം ഉണ്ടായതെന്നാണ് സൂചന. ഇന്ത്യയിലെയും അമേരിക്കയിലെയും ഉപയോക്താക്കള്‍ക്കാണ് തടസം നേരിട്ടത്.
ബാക്കെന്‍ഡ് സെര്‍വറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായും ട്വിറ്റര്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നും സിഇഒ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്‌തു. അതേസമയം ട്വിറ്ററിന്‍റെ നിലവിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിരവധി പരിഷ്‌കാരങ്ങളാണ് മസ്‌ക് സിഇഒ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ നടപ്പിലാക്കിയത്. ജീവനക്കാരുടെ എണ്ണം കുറക്കുകയും പണം നല്‍കിയുള്ള അംഗത്വ സേവനം അവതരിപ്പിക്കുകയും ചെയ്‌തു.