ന്യൂഡല്‍ഹി: 40 രാജ്യങ്ങളില്‍ മടക്കാന്‍ സാധിക്കുന്ന പുതിയ ഫോണുകള്‍ അവതരിപ്പിച്ച് സൗത്ത് കൊറിയന്‍ നിര്‍മാതാക്കളായ സാംസങ്. പുതിയ മോഡലിന്‍റെ വരവോടുകൂടി സ്‌മാര്‍ട്ട്ഫോണ്‍ വിപണിയെ ഉണര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 4, ഫ്ലിപ്പ് 4, എന്നിവയോടൊപ്പം ഗ്യാലക്‌സി വാച്ച് 5, ഗ്യാലക്‌സി ബഡ്‌സ് പ്രോ തുടങ്ങിയ മോഡലുകള്‍ സൗത്ത് കൊറിയ, യുഎസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. സെപ്‌റ്റംബര്‍ മാസത്തോടെ 130 രാജ്യങ്ങളില്‍ പുതിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
വില ഇങ്ങനെ : ഫോണ്‍ വിപണിയിലെത്തുന്നതിന് മുമ്പ് സംഘടിപ്പിച്ച ഇവന്‍റില്‍ 70 രാജ്യങ്ങളില്‍ നിന്നും മുന്‍കൂട്ടി ബുക്കിങ്ങ് ലഭിച്ചതായി കമ്പനി പറഞ്ഞു. ഏകദേശം 12 മണിക്കൂറിനുള്ളില്‍ ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 4,ഫ്ലിപ്പ് 4 തുടങ്ങിയ മോഡലുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് മാത്രം 50,000 പേര്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌തു. ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് തുടങ്ങിയ നിറങ്ങളിൽ ലഭ്യമായ ഗ്യാലക്‌സി ഫ്ലിപ്പിന്റെ 8ജിബി+128ജിബി വേരിയന്റിന് 89,999 രൂപയും 8ജിബി+256ജിബി വേരിയന്റിന് 94,999 രൂപയുമാണ് വില.