സിയോള്‍ (ദക്ഷിണ കൊറിയ) :ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന മുൻനിര ഫോണ്‍ ഗാലക്‌സി എസ് 23 യെ ക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നിലവില്‍ കമ്പനിയുടേതായി പുറത്തിറങ്ങിയിട്ടുള്ള ഗാലക്‌സി എസ് 22 നേക്കാൾ അൽപ്പം കട്ടിയുള്ള ചുറ്റുമുള്ള കവറിംഗുമായാണ് ഗാലക്‌സി എസ് 23 എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനായി നിര്‍മാതാക്കള്‍ ഗാലക്‌സി എസ് 23 നായുള്ള ചുറ്റുമുള്ള സുതാര്യമായ നാല് കവറിംഗുകളും 0.15 മില്ലിമീറ്റര്‍ വർധിപ്പിക്കും.
കാഴ്‌ചയില്‍ ഇവയ്ക്ക് വലിയ വ്യത്യാസമുള്ളതായി തോന്നില്ല. എങ്കിലും ഗാലക്‌സി എസ് 23 അതിന്‍റെ മുന്‍ഗാമിയേക്കാള്‍ അല്‍പം വലുതായി കാണുന്നതിന് ഇത് സഹായകമാകും. എന്നാല്‍ ഗാലക്‌സി എസ് 22 ന് മുന്‍ മോഡലിന് സമാനമായ 6.1 ഇഞ്ച് ഡിസ്‌പ്ലേയാകും ഉണ്ടാവുകയെന്നും സാങ്കേതികരംഗത്തെ വിദഗ്‌ധരായ ടിപ്‌സ്‌റ്റര്‍ വ്യക്തമാക്കുന്നു.
നിലവിലുള്ള മോഡലിനേക്കാൾ 0.15 എംഎം നീളവും വീതിയുമുള്ള ബെസലുകൾ ഉയർന്ന പീക്ക് ബ്രൈറ്റ്‌നെസ് ലെവലിനെ പിന്തുണയ്‌ക്കുന്നത് പോലെയുള്ള മികച്ച സ്‌പെസിഫിക്കേഷനുകൾ സമ്മാനിക്കുമെന്നും വളരെ കുറഞ്ഞ പവർ ഉപഭോഗം മാത്രമേ വരികയുള്ളൂവെന്നും ടിപ്‌സ്‌റ്റര്‍ അറിയിച്ചു. മാത്രമല്ല ഗാലക്‌സി എസ് 23 സീരീസിന് ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23പ്ലസ്, ഗാലക്‌സി എസ് 23 അള്‍ട്ര എന്നീ മൂന്ന് മോഡലുകളാവും ഉണ്ടാവുക.
ഇതില്‍ ഉന്നത ശ്രേണിയായ ഗാലക്‌സി എസ് 23 അള്‍ട്ര ചില സവിശേഷ അപ്‌ഗ്രേഡുകൾ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുറകില്‍ 200 മെഗാ പിക്‌സല്‍ സെന്‍സറുമായെത്തുന്ന ഇവയ്ക്ക് 1/1.3 ഇഞ്ചും 0.6എല്‍എം വലിപ്പമുള്ള പിക്‌സലുകളും f/1.7 ന്‍റെ മികച്ച അപ്രോച്ചറുമുണ്ടായിരിക്കുമെന്നും സമീപകാല റിപ്പോര്‍ട്ടുകളിലുണ്ട്.
സീരീസിലെ എല്ലാ മോഡലുകളും ക്വാൽകോമിന്റേതായി വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജനറേഷന്‍ 2 എസ്ഒസിയിലാവും വിപണിയിലെത്തുകയെന്നും ഇവയ്ക്ക് ബാറ്ററി കാര്യക്ഷമത വര്‍ധിക്കുമെന്നുമാണ് വിലയിരുത്തല്‍.