റെയ്‌ക്‌ജാവിക്ക് (Reykjavik) : ഐസ്‌ലന്‍ഡിന്‍റെ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിന് സമീപം അഗ്നിപർവ്വതം പൊട്ടിത്തെറിച്ച സംഭവത്തില്‍ ജാഗ്രത ശക്തമാക്കി ഭൗമശാസ്ത്രജ്ഞർ. പൊട്ടിത്തെറിയുടെ വ്യാപ്തി കണക്കാക്കാൻ പൂര്‍ണമായി സാധിച്ചിട്ടില്ലെന്നും, വിനോദസഞ്ചാരികളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിപ്പുണ്ട്. സംഭവത്തെകുറിച്ച് കൂടുതല്‍ പഠിച്ചുവരികയാണെന്ന് ഐസ്‌ലൻഡ് മെറ്റീരിയോളജിക്കൽ ഓഫീസ് (ഐഎംഒ) അറിയിച്ചു.
2021 മാർച്ചില്‍ പൊട്ടിയൊഴുകി സെപ്റ്റംബർ വരെ ആറ് മാസത്തോളം നീണ്ടുനിന്ന മൗണ്ട് ഫഗ്രഡാൽസ്‌ഫൽ അഗ്നിപർവ്വതത്തിന് സമീപം (40 കിലോമീറ്റർ, ഉദ്ദേശം 25 മൈൽ) കഴിഞ്ഞ ദിവസമാണ് അഗ്നിപര്‍വത സ്ഫോടനമുണ്ടായത്. പ്രദേശത്ത് വെളുത്ത പുക ഉയരുന്നതും, ഭൂമിയിലെ വിള്ളലിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകുന്നതും തത്സമയ ചിത്രങ്ങള്‍ വഴി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്‌തിരുന്നു. വിള്ളലിന് നൂറുമീറ്ററോളം നീളമുണ്ടെന്നാണ് അഗ്‌നിപർവത ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
Also Read: അതിഭീകരം, കാലിഫോര്‍ണിയയിലെ കാട്ടുതീ: രണ്ട് മരണം, 50,000 ഏക്കറിലധികം വനം കത്തിനശിച്ചു
താരതമ്യേന ജനസാന്ദ്രത കുറവായ പ്രദേശമാണ് കഴിഞ്ഞദിവസം അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായ റെയ്‌ക്‌ജാവിക്ക്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. എന്നാല്‍ ദ്വീപിനകത്തേക്കും പുറത്തേക്കുമുള്ള വ്യോമഗതാഗതം ഇതുവരെ തടസ്സപ്പെട്ടിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര സംഘങ്ങള്‍ക്കും ഭൗമ ശാസ്‌ത്രജ്ഞര്‍ക്കും സംഭവസ്ഥലത്തേക്ക് പോകേണ്ടതിനാല്‍ മേഖലയിലെ നിരവധി റോഡുകളില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
റെയ്‌ക്‌ജാവിക്ക് ഉപദ്വീപില്‍ കഴിഞ്ഞ വര്‍ഷവും സമാനമായ അഗ്നിപര്‍വത സ്ഫോടനം നടന്നിരുന്നു. ക്രിസുവിക് അഗ്നിപർവ്വതത്തില്‍ നിന്നുള്ള ലാവ ഏകദേശം അഞ്ച് മാസത്തോളം പുറത്തേക്കും ഒഴുകിയിരുന്നു. ഐസ്‌ലൻഡിൽ 32 അഗ്നിപർവ്വതങ്ങളാണ് നിലവിൽ 'സജീവമായി' കണക്കാക്കപ്പെടുന്നത്. ഇത് യൂറോപ്പില്‍ തന്നെ ഏറ്റവും ഉയര്‍ന്ന എണ്ണമാണ്. മാത്രമല്ല, രാജ്യത്ത് ശരാശരി അഞ്ച് വർഷം കൂടുമ്പോൾ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.
Also Read: തായ്‌വാന്‍റെ വ്യോമ പ്രതിരോധ മേഖല കടന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍
പതിമൂന്നാം നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ വർഷം മൗണ്ട് ഫഗ്രഡാൽസ്‌ഫാളിൽ സ്ഫോടനമുണ്ടാകുന്നത് വരെ റെയ്‌ക്‌ജാവിക്ക് ഉപദ്വീപില്‍ ഒരു അഗ്നിപര്‍വ്വത സ്ഫോടനം പോലും ഉണ്ടായിട്ടില്ല എന്ന വസ്‌തുത കൂടിയുണ്ട്. അതുകൊണ്ടുതന്നെ, കഴിഞ്ഞ വർഷമുണ്ടായ പൊട്ടിത്തെറിക്ക് ശേഷം നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന സ്ഫോടനങ്ങളുടെ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഭൗമശാസ്ത്രജ്ഞർ അറിയിക്കുന്നത്.