തിരുവനന്തപുരം:ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ പൊലീസിന്‍റെ 'പോല്‍ ആപ്പി'ലെ സേവനം ഉപയോഗപ്പെടുത്തണമെന്ന് കേരള പൊലീസ്. പൊലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അറിയിച്ചാല്‍ അധിക സുരക്ഷ ഉറപ്പു വരുത്തുമെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്ന വീടുകള്‍ക്ക് സമീപം പൊലീസിന്‍റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്തും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'പോല്‍ ആപ്പ്' ഡൗണ്‍ലോഡ് ചെയ്‌ത ശേഷം മോര്‍ സര്‍വീസസ് എന്ന വിഭാഗത്തിലെ ലോക്‌ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് വിവരങ്ങള്‍ നല്‍കാം. പൊതുജനങ്ങള്‍ ആപ്പിലൂടെ നല്‍കുന്ന വിവരങ്ങള്‍ നല്‍കുന്ന മുറയ്‌ക്ക് സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 2020ല്‍ നിലവില്‍ വന്ന സംവിധാനം 2945 പേരാണ് ഇത് വരെ വിനിയോഗിച്ചത്.
ഓണാവധിക്ക് വീട് പൂട്ടി പോകുന്ന നിരവധി പേര്‍ ഇത്തവണ ആപ്പില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 450 പേരും തിരുവനന്തപുരം ജില്ലയില്‍ 394 പേരും എറണാകുളം ജില്ലയില്‍ 285 പേരുമാണ് ഇത്തവണ വിവരങ്ങള്‍ നല്‍കിയത്.
എന്താണ് 'പോല്‍ ആപ്പ്':കേരള പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനമാണിത്. പൊതുജനങ്ങള്‍ക്ക് കേരള പൊലീസിന്‍റെ 27 തരം സേവനങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. സാധാരണക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ അത് ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം എവിടെയെന്ന് മനസിലാക്കാനാവും. മാത്രമല്ല ആ വ്യക്തിക്ക് ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ ഏതെന്ന വിവരം നല്‍കാനും ആപ്പിന് സാധിക്കും. മാത്രമല്ല കേരള പൊലീസിലെ മുഴുവന്‍ ഉദ്യാഗസ്ഥരുടെയും പേരും നമ്പറും ഇമെയില്‍ വിലാസവും ആപ്പില്‍ ലഭിക്കും.