ഹൈദരാബാദ്:ചന്ദ്രയാന്‍ 3 (Chandrayaan 3) ചന്ദ്രനിലേക്ക് കുതിക്കുമ്പോള്‍ ബെംഗളൂരുവില്‍ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് (ISRO's Bengaluru Headquarters ) ശാസ്‌ത്രജ്ഞര്‍ ശ്വാസം അടക്കി പിടിച്ച് കാത്തിരുന്നത് മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). രാജ്യത്തെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു. ജൊഹന്നാസ്‌ബര്‍ഗില്‍ (Johannesburg) ബ്രിക്‌സ് ഉച്ചകോടിയില്‍ (BRICS summit) പങ്കെടുക്കുന്നതിനിടെ ബഹിരാകാശ പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്ര വീക്ഷിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'ഹംനേ ധർത്തി പർ സങ്കൽപ്പ് കിയ ഔർ ചന്ദ് പേ ഉസെ സകാർ കിയാ...ഇന്ത്യ ഈസ് നൗ ഓണ്‍ ദ മൂണ്‍' എന്നാണ് പ്രധാനമന്ത്രി ദൗത്യത്തിന് പിന്നാലെ പ്രതികരിച്ചത്. ബ്രിക്‌സ് ഉച്ചകോടിയിലും എന്‍റെ മനസ് ചന്ദ്രയാനൊപ്പമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ 3 (Chandrayaan 3) ദൗത്യം വിജയകരമായതോടെ പര്യവേക്ഷണ വാഹനം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കിയ ആദ്യ രാജ്യമെന്ന പേരും ഇന്ത്യക്ക് സ്വന്തമായി.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്‍റെ വിജയ സന്തോഷം പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളുമായി പങ്കിട്ടു. ചന്ദ്രയാന്‍ 3യുടെ (Chandrayaan 3) വിജയം ഇന്ത്യയുടെ മാത്രം വിജയമല്ല മറിച്ച് മനുഷ്യത്വത്തിന്‍റേത് കൂടിയാണെന്നും ജൊഹന്നാസ്‌ബര്‍ഗില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത് കൊണ്ട് പ്രധാനമന്ത്രി (Prime Minister) പറഞ്ഞു. രാജ്യത്തിന്‍റെ ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്‍റെ മികച്ച വിജയമാണിതെന്നും ഇന്ത്യന്‍ മഹത്വത്തിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ സൗഭാഗ്യത്തിന്‍റെയും പുതിയ അവസരങ്ങളുടെയും നിമിഷവുമാണിത്. 140 കോടി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇന്ത്യക്ക് ഇത്തരം ചരിത്ര നിമിഷങ്ങള്‍ ഏറെ അഭിമാനകരമാണ്. ഇത് ഇന്ത്യയുടെ പുതിയ സൂര്യോദയമാണ്.
മഹത്തായ ഈ ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ അതിര്‍ വരമ്പുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് പ്രപഞ്ചം മൊത്തം വ്യാപിക്കുന്നതാണ്. മനുഷ്യ കേന്ദ്രീകൃത തത്ത്വചിന്തകളുടെ ഉത്തമ ഉദാഹരണമാണിത്. ഇന്ത്യയുടെ വിജയം ആഗോള സമൂഹവുമായി പങ്കിട്ടു. ഇന്ത്യയുടെ വിജയം മറ്റ് രാജ്യങ്ങള്‍ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ നടത്തുന്നതിന് പ്രചോദനത്തിനുള്ള ചവിട്ടുപടികളുമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.